ഷൊർണൂർ : കൃഷിഭൂമി തരംമാറ്റാനുള്ള ഗസറ്റ് വിജ്ഞാപനത്തിൽ നഗരസഭാ അധ്യക്ഷന്റെ ഇടപെടൽ. വിവാദമായ സ്ഥലങ്ങൾ നഗരസഭാ അധ്യക്ഷനും പരാതിക്കാരായ പാടശേഖരസമതി അംഗങ്ങളും സന്ദർശിച്ചു. കൃഷിയോഗ്യമായ സ്ഥലങ്ങളിൽ കൃഷിയിറക്കാൻ നഗരസഭ മുൻകൈയെടുക്കുമെന്ന് എം.കെ. ജയപ്രകാശ് പറഞ്ഞു. നഗരസഭാ സെക്രട്ടറി പ്രസിദ്ധീകരിച്ച ഭൂമി തരംമാറ്റൽ വിജ്ഞാപനത്തിലെ അപാകങ്ങളും ക്രമക്കേടുകളും പരിശോധിച്ച് നടപടിയെടുക്കണം.

അർഹമായ അപേക്ഷകൾ ഉൾപ്പെടുത്തി പുതിയപട്ടിക തയ്യാറാക്കി റവന്യൂ കൃഷിവകുപ്പുകൾ പരിശോധന നടത്തി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതപ്പുഴയ്ക്കരികിലെ സ്ഥലം പരിവർത്തനം നടത്താൻ അനുവദിക്കില്ല.

നഗരസഭാ പരിധിയിൽ തരിശുരഹിതമാക്കുകയാണ് ലക്ഷ്യം. തരിശിട്ട ഭൂമികൾ ഏറ്റെടുത്ത് കുടുംബശ്രീ, പാടശേഖരസമതി എന്നിവരുടെ സഹായത്തോടെ കൃഷിയിറക്കാനാണ് ലക്ഷ്യം. നിലവിലെ കൃഷിഭൂമി തരംമാറ്റൽ വിവാദത്തിൽ ഭൂമാഫിയക്കുവേണ്ടി ഒത്താശചെയ്ത കൃഷി, വില്ലേജ് ഓഫീസർമാർക്കെതിരേ നടപടിയെടുക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും എം.കെ. ജയപ്രകാശ് പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷൻ എസ്.ജി. മുകുന്ദൻ, പാടശേഖരസമിതി ഭാരവാഹികളായ സി. ബിജു, വിജയപ്രകാശ് ശങ്കർ, വിനോദ് ചെമ്പോട്ടിൽ, ഐ. ശശിധരൻനായർ, ടി. മുരളീധരൻ, കെ.യു. ഗോപകുമാർ, കെ. സുരേഷ് എന്നിവരും കൃഷിസ്ഥലങ്ങൾ പരിശോധിച്ചു.

കൃഷിഭൂമി തരംമാറ്റൽ പട്ടിക; വിജ്ഞാപനം അറിഞ്ഞില്ലെന്ന് അധ്യക്ഷൻ

ഷൊർണൂർ : കൃഷിഭൂമി തരംമാറ്റൽ വിവാദത്തിൽ നഗരസഭ സെക്രട്ടറിക്കെതിരേ അധ്യക്ഷൻ. പട്ടിക പ്രസിദ്ധീകരിച്ചത് താനറിഞ്ഞിട്ടില്ലെന്ന് അധ്യക്ഷൻ എം.കെ. ജയപ്രകാശ്. പട്ടികയിലെ തീരുമാനമുണ്ടായതും നിരീക്ഷണ സമിതി തീരുമാനമെടുത്തതുമെല്ലാം കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ്. സമിതി അംഗീകരിച്ച് നൽകിയ പട്ടികയാണ് നഗരസഭ സെക്രട്ടറി പ്രസിദ്ധീകരിച്ചതെന്ന് പറയുന്നു. ഇക്കാര്യം താനറിഞ്ഞിട്ടില്ലെന്നും പുതിയ ഭരണസമിതി വന്നതിനുശേഷം പ്രാദേശിക നിരീക്ഷണ സമിതിയിൽ ഇക്കാര്യം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 2020 മാർച്ച് 18ന് ചേർന്ന പ്രാദേശിക നിരീക്ഷണസമിതി യോഗതീരുമാനപ്രകാരമാണ് ഡേറ്റാബാങ്കിൽ തിരുത്തൽ വരുത്തുന്നതെന്നാണ് വിജ്ഞാപനം. സി.പി.എമ്മും നഗരസഭാധ്യക്ഷനും ഇക്കാര്യത്തിൽ സെക്രട്ടറിക്കെതിരെയാണ് നിലപാടെടുത്തിരിക്കുന്നത്.

അതേസമയം, ഇക്കാര്യത്തിൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ സെക്രട്ടറി തയ്യാറായില്ല.