പട്ടാമ്പി : പത്തുമാസത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററുകൾ തുറന്നപ്പോൾ പട്ടാമ്പിയിലും ആവേശപ്പൂരം. ആദ്യ ഷോയ്ക്കുതന്നെ പെൺകുട്ടികളടക്കമുള്ളവർ തിയേറ്ററിലേക്ക് ഒഴുകിയെത്തി. തമിഴ് സൂപ്പർതാരം വിജയ് യുടെ 'മാസ്റ്റർ' സിനിമയ്ക്ക് ആവേശകരമായ സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. പട്ടാമ്പിയിലെയും കൂറ്റനാട്ടെയുമായി നാല് മൾട്ടിപ്ലക്സുകളിൽ എട്ട് സ്‌ക്രീനുകളിലും പ്രദർശനം നടന്നു.
മുമ്പ് സൂപ്പർതാരങ്ങളുടെ റിലീസ് ദിവസം പുലർച്ചെ ഫാൻസ് ഷോ ഉണ്ടാവാറുണ്ടെങ്കിലും കോവിഡിന് ശേഷം മൂന്ന് പ്രദർശനങ്ങളാണ് ഉണ്ടായിരുന്നത്. ഏറെനാളത്തെ ഇടവേളയ്ക്കുശേഷം തിയേറ്ററിലെത്തിയതിന്റെ ആവേശമായിരുന്നു എല്ലാവർക്കും. ചൊവ്വാഴ്ച തന്നെ പ്രദർശനത്തിനായുള്ള ഒരുക്കങ്ങൾ തിയേറ്ററിൽ നടത്തിയിരുന്നു. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമായാണ് പ്രേക്ഷകർക്ക് ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരുന്നത്. അണുനാശിനി ഉപയോഗിച്ച ശേഷമാണ് തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിച്ചത്.പട്ടാമ്പിയിലും സിനിമയുടെ ആവേശാരവം