പാലക്കാട് : വാളയാറിൽ പീഡനത്തിനിരയായി മരിച്ച സഹോദരിമാരുടെ കേസിൽ സർക്കാർ, സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സമരത്തിൽനിന്ന് പിന്മാറാതെ പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണവിധേയനായ അന്നത്തെ ഡിവൈ.എസ്.പി. (ഇപ്പോൾ ക്രൈംബ്രാഞ്ച് എസ്.പി.) സോജൻ അടക്കമുള്ള പോലീസുകാരെ സർവീസിൽനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് അവർ ബുധനാഴ്ച ഉപവസിച്ചു. മൂത്ത പെൺകുട്ടി മരിച്ചതിന്റെ നാലാം വാർഷികദിനത്തിൽ, അട്ടപ്പള്ളത്ത് വാളയാർ നീതി സമര സമിതിയുടെ നേതൃത്വത്തിലായിരുന്നു ഉപവാസം.
വാളയാർ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചതെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു. ഉപവാസസമരം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു.
വാളയാർ കേസ് സി.ബി.ഐ.യ്ക്ക് വിടാനുള്ള സർക്കാർ തീരുമാനം സംശയാസ്പദമാണെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ആരോപിച്ചു.
സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടിയെടുക്കാനാണ് തയ്യാറാവേണ്ടത്.
വാളയാർ നീതി സംരക്ഷണസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷനായി. മുൻമന്ത്രി വി.സി. കബീർ മുഖ്യപ്രഭാഷണം നടത്തി. വാളയാർ കേസിൽ പ്രതിയാക്കാൻ നിർബന്ധിച്ചതുമൂലം ആത്മഹത്യചെയ്ത പ്രവീണിന്റെ അമ്മ റാണിമരിയ, രക്ഷാധികാരി സി.ആർ. നീലകണ്ഠൻ, മുൻ പ്രോസിക്യൂട്ടർ അഡ്വ. ജലജ മാധവൻ, വി.എം. മാർസൻ, വി.എസ്. രാധാകൃഷ്ണൻ, സജി കൊല്ലം, സലിന പ്രാക്കാനം, മാരിയപ്പൻ നീലിപ്പാറ, പി.എച്ച്. കബീർ എന്നിവർ സംസാരിച്ചു.