വണ്ടാഴി : മുടപ്പല്ലൂർ-മംഗലംഡാം റോഡിൽ വണ്ടാഴി സി.വി.എം. സ്കൂളിന്റെ മുന്നിലുളള ഹമ്പിൽ ചാടി ബൈക്ക് യാത്രക്കാർ വീഴുന്നത് പതിവായി കാണുന്ന നാട്ടുകാർക്ക് ഒരഭ്യർഥനയേയുള്ളൂ. ഞായറാഴ്ച ഹമ്പ് ചാടുന്നതിനിടെ ബൈക്കിൽനിന്ന് തെറിച്ചുവീണ് ഒരു ജീവൻ പൊലിഞ്ഞു. ഇനിയൊരു അപകടമുണ്ടാകും മുമ്പ് അധികൃതർ നടപടിയെടുക്കണം.
ഹമ്പുണ്ടെന്ന് സൂചനാ ബോർഡുകളുണ്ടെങ്കിലും ഇവയൊന്നും യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന വിധമല്ല ക്രമീകരിച്ചിട്ടുള്ളത്.
റോഡിനോടു തൊട്ടുചേർന്നാണ് സി.വി.എം. സ്കൂൾ. കുട്ടികൾ പെട്ടെന്ന് റോഡിലേക്കിറങ്ങുമ്പോഴുണ്ടാകുന്ന അപകടമൊഴിവാക്കാനാണ് സ്കൂളിന്റെ മുന്നിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ രണ്ട് ഹമ്പുകൾ സ്ഥാപിച്ചത്. എന്നാൽ, വാഹനയാത്രക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ പാകത്തിലല്ല ഇവയുടെ നിർമാണം.
മംഗലംഡാം-മുടപ്പല്ലൂർ റോഡ് നവീകരിച്ചപ്പോഴാണ് പുതിയരീതിയിൽ വീതികൂട്ടി ഉയരം പെട്ടെന്നറിയാത്ത വിധത്തിൽ ഹമ്പ് നിർമിച്ചത്. ആദ്യദിവസം തന്നെ ഒരു സ്കൂട്ടർ യാത്രക്കാരൻ വീണ് പരിക്കേറ്റിരുന്നതായി നെല്ലിക്കോട് സ്വദേശിയായ ഫാരിസ് പറഞ്ഞു. ഹമ്പിനുമുകളിൽ വെള്ളവരകൾ വരച്ചിരുന്നെങ്കിലും ഇവ മാഞ്ഞുപോയി.
മാഞ്ഞുപോയ വരകൾ വിദ്യാർഥികൾ വരച്ചു
:വണ്ടാഴി സി.വി.എം. സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ ഹമ്പിൽ വരകൾ വരച്ചു. തത്കാലം പരിഹാരമായെങ്കിലും വെള്ള പെയിന്റുപയോഗിച്ച് വരച്ച വരകൾ വാഹനങ്ങൾ കയറിയിറങ്ങുമ്പോൾ ദിവസങ്ങൾക്കുള്ളിൽ മാഞ്ഞുപോകുമെന്നും സ്ഥിരം സംവിധാനം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അപകടം പതിവായതിനാൽ ഇതിനുമുമ്പും എൻ.എസ്.എസ്. വിദ്യാർഥികൾ ഹമ്പിലെ മാഞ്ഞുപോയ വരകൾ വരച്ചിരുന്നു