ചെന്നൈ : ബോഗിപൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി പാഴ്‌വസ്തുകൾ കൂട്ടിയിട്ടു കത്തിച്ചപ്പോഴുണ്ടായ കനത്ത പുകപടലങ്ങളെത്തുടർന്ന് ചെന്നൈയിൽ വിമാനസർവീസുകൾ വൈകി.
ബുധനാഴ്ച രാവിലെ ഇവിടെനിന്ന് പുറപ്പെടുന്ന എട്ട് സർവീസുകളും ഇവിടെ എത്തിയ ഒമ്പത് സർവീസുകളുമാണ് വൈകിയത്. മിക്ക സർവീസുകളും ശരാശരി ഒരുമണിക്കൂറിലേറെ വൈകി. പുകയ്ക്കൊപ്പം മഞ്ഞും കൂടിയായതോടെ കാഴ്ച മറയുകയായിരുന്നു. ചെന്നൈയിൽനിന്ന് ബെംഗളൂരു, അഹമ്മദാബാദ്, മുംബൈ, പുണെ, കൊച്ചി, പട്‌ന, കൊൽക്കത്ത, സിലിഗുഡി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് വൈകിയത്. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി. നാഗ്പുർ തുടങ്ങിയിടങ്ങളിൽനിന്ന് ചെന്നൈയിലേക്ക് എത്തേണ്ട സർവീസുകളും വൈകി. തിന്മകളെ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബോഗി പൊങ്കൽ നാളിൽ വീട്ടിലെ പാഴ്‌വസ്തുകൾ കത്തിക്കുന്നത്.