പാലക്കാട് : നഗരസഭാവളപ്പിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ബി.ജെ.പി.യുടെ കൊടി കെട്ടിവച്ചയാൾ പോലീസ് പിടിയിൽ. തിരുനെല്ലായ് കാളിമാടപറമ്പ് സ്വദേശിയായ ബിജേഷിനെയാണ് (29) ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുനെല്ലായി പുഴപ്പാലത്തിന് സമീപത്തുനിന്ന് ഇയാളെ പിടികൂടിയത്.
പിടിയിലായ ബിജേഷിന് രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലെന്ന് ടൗൺ സൗത്ത് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയെത്തിയപ്പോൾ ഗാന്ധിപ്രതിമ കണ്ടെന്നും റോഡരികിലെ കൊടിയെടുത്ത് കെട്ടുകയായിരുന്നെന്നുമാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. മറ്റ് കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഗാന്ധിപ്രതിമയിൽ കൊടി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നഗരസഭാവളപ്പിലെ മതിൽ ചാടിക്കടന്ന് പ്രതിമയിൽ കൊടി കെട്ടുന്നയാളുടെ സി.സി.ടി.വി. ദൃശ്യം ലഭിച്ചു. ശനിയാഴ്ചരാവിലെ ഏഴേമുക്കാലിന് കൊടികെട്ടിയതായാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
സംഭവത്തിനുപിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാരും കെ.എസ്.യു., ഡി.വൈ.എഫ്.ഐ. തുടങ്ങിയ സംഘടനകളും രംഗത്തെത്തിയിരുന്നു. നഗരസഭയിൽ കാവിവത്കരണം ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും തിരഞ്ഞെടുപ്പിൽ തോറ്റവർ മനഃപൂർവം ചെയ്തതാണെന്നുമായിരുന്നു ബി.ജെ.പി.യുടെ നിലപാട്.
‘മാനസികരോഗി’യാക്കാൻ ശ്രമം -ബി.ജെ.പി.
: ഗാന്ധിപ്രതിമയിൽ പതാകകെട്ടിയ പ്രതിയെ ‘മാനസികരോഗി’യാക്കാനുള്ള നീക്കം ചിലർ നടത്തുന്നുണ്ടെന്നും അത് അപലപനീയമാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ്. പതാകകെട്ടാൻ ഗൂഢാലോചന നടത്തിയവരെയും പ്രതിയെ പ്രേരിപ്പിച്ചവരെയും പോലീസന്വേഷണത്തിൽ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.