കൊല്ലങ്കോട് : വടവന്നൂർ പൊക്കുന്നി ശിവക്ഷേത്രത്തിൽ ഒരാഴ്‌ചയായി നടന്നുവന്ന ആറാട്ടുത്സവത്തിന് ചൊവ്വാഴ്ച നടന്ന ആറാട്ടോടെ സമാപനമായി. ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ ആചാര്യതയിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്. ക്ഷേത്രക്കുളത്തിൽ രാവിലെ നടന്ന ആറാട്ട് ദർശനത്തിനും തുടർന്ന് നടന്ന പ്രസാദസദ്യയിലും നിരവധി ദേശവാസികൾ പങ്കെടുത്തു. ഭക്തിപ്രഭാഷണം, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്‌, നൃത്ത പരിപാടികൾ, ഭക്തിഗാനമേള തുടങ്ങിയ ക്ഷേത്ര പരിപാടികളും ഉത്സവദിവസങ്ങളിൽ ഉണ്ടായി. പരശുരാമനാൽ പ്രതിഷ്ഠ നടന്നിട്ടുള്ള നൂറ്റിയെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പൊക്കുന്നി ക്ഷേത്രത്തിൽ പന്ത്രണ്ടുവർഷത്തിന് ശേഷമാണ് ആറാട്ടുത്സവം ആഘോഷിച്ചത്. പൊക്കുന്നി ദേശോദ്ധാരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഉത്സവം നടന്നത്.