അർജുൻപാണ്ഡ്യൻ തെങ്കരയിലെ ആദിവാസികോളനികൾ സന്ദർശിച്ചു

തെങ്കര : ആനമൂളി ആദിവാസികോളനിയിലെ കുടിവെള്ളപ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിന് പദ്ധതി തയ്യാറാക്കാൻ തെങ്കരപഞ്ചായത്തിന് ഒറ്റപ്പാലം സബ് കളക്ടർ അർജുൻപാണ്ഡ്യൻ നിർദേശംനൽകി. ആനമൂളി, ഹനുമന്തൻമൂല, കൊമ്പൻകുണ്ട് ആദിവാസി കോളനികളിൽ സബ് കളക്ടർ സന്ദർശനംനടത്തി. ആദിവാസികളുടെ പ്രശ്നങ്ങൾകേട്ട് പരിഹാരം നിർദേശിച്ചു.

കൊമ്പൻകുണ്ട് കോളനിക്കാർക്ക് കൈവശരേഖയും പട്ടയവും ലഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഊരുമൂപ്പന് ഉറപ്പുനൽകി. കോളനിയിലേക്കുള്ള റോഡും കുടിവെള്ളവും എത്തിക്കുന്നതിനുള്ള നടപടികളുമെടുക്കും.

ആദിവാസികോളനികളിൽ ആധാർ, റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ്, ജാതിസർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളില്ലാത്തത് മൂലം ബുദ്ധിമുട്ടുന്നവർക്ക് ഇത് ലഭ്യമാക്കാൻ റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. ആനമൂളികോളനിയിലെ കുട്ടികൾക്ക് കളിക്കുന്നതിന് ഫുട്ബോൾ നൽകി.

പട്ടികവർഗ കോളനികളിൽ മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ വിവിധ വകുപ്പുദ്യോഗസ്ഥരെ ഏകോപിപ്പിച്ച് ദ്രുതഗതിയിൽ നടത്തുമെന്നും സബ്കളക്ടർ പറഞ്ഞു. ഹനുമന്തൻമൂല കോളനിയുടെ ഭാഗമായിക്കിടക്കുന്ന രണ്ട്‌ വീടുകളിലെ അഞ്ച് പട്ടികവർഗ കുടുംബങ്ങൾക്ക് വൈദ്യുതി, കുടിവെള്ളം എന്നിവ ലഭിക്കുന്നതിന് നിർദേശംനൽകി.

ആനമൂളി കോളനിയിലെ കിണർ വൃത്തിയാക്കി കുടിവെള്ളം ലഭ്യമാക്കുന്നതിനും നിർദേശംനൽകി. സബ് കളക്ടറോടൊപ്പം തഹസിൽദാർ (എൽ.ആർ.) മുഹമ്മദ് റാഫി, ഡെപ്യൂട്ടി തഹസിൽദാർ ചന്ദ്രബാബു, രാമൻകുട്ടി, സജീവ്, ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ ഗിരിജ, വനംവകുപ്പ്, കെ.എസ്.ഇ.ബി. എന്നീ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.