മുളയരി ശേഖരിച്ച് ആദിവാസികൾ

പ്രകാശ്‌ പറമ്പത്ത്‌

ഊട്ടി

: നീലഗിരി ജില്ലയിലെ മുതുമല കാടുകളിൽ മുളകൾ പൂത്തു. ആവേശത്തോടെ മുളയരി ശേഖരിച്ച് ആദിവാസികൾ.

മുതുമല വനം മുളകളുടെ ശേഖരമാണ്. കക്കനെല്ല, തൊരപ്പള്ളി, മദിനഗുഡി, മായാർ, ഗൂഡല്ലൂർ, തെപ്പക്കാട് ഭാഗങ്ങളിലാണ് മുളകൾ പൂത്തത്. മുളകൾക്ക് ഏകദേശം നാൽപ്പത് വർഷമായാലാണ് പൂവണിയുക. പൂത്തുകഴിഞ്ഞാൽ കുറച്ചുദിവസങ്ങൾ കഴിഞ്ഞാൽ പൂക്കളിലെ വിത്തുകൾ കൊഴിഞ്ഞുതുടങ്ങും. ഈ വിത്തുകളാണ് മുളയരി എന്നപേരിൽ അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള മുളയരി പണ്ടുകാലംമുതലേ മനുഷ്യരുടെ ഒരു ഭക്ഷ്യവസ്തുവാണ്‌. മുൻകാലങ്ങളിലെല്ലാം ആദിവാസികൾ ഉൾക്കാടുകളിൽ പോയി മുളയരി ശേഖരിക്കാറുണ്ടായിരുന്നു. വനംവകുപ്പ് വനത്തിൽ പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചതോടെ ഇവർക്ക്‌ മുളയരി കിട്ടാതെയായി.

ഇപ്പോൾ ഗൂഡല്ലൂർ-കക്കനെല്ല റോഡിനിരുവശങ്ങളിലും ആദിവാസികൾ വസിക്കുന്ന സ്ഥലങ്ങളുടെ പരിസരങ്ങളിലും മുളകൾ പൂത്ത്, വിത്ത്‌ കൊഴിയാൻ തുടങ്ങിയതോടെ അവ ശേഖരിച്ച് വിൽപ്പന നടത്തുകയാണ് ആദിവാസികൾ.

നെൽമണിയുടെ രൂപത്തിലാണ് മുളവിത്തുകൾ ഉണ്ടാവുക. ഇവ ശേഖരിച്ച് പതിരുകൾ മാറ്റിയശേഷം പുഴുങ്ങി ഉരലിൽ കുത്തിയെടുത്താണ് ഉപയോഗിക്കുക. പോഷകഗുണം ഏറെയുള്ള മുളയരി കുട്ടികൾക്ക് നൽകുന്നത് വളരെ നല്ലതാണെന്ന് ആദിവാസിയായ നാഗമ്മ പറഞ്ഞു. മുട്ടുവേദന, നടുവേദന, കഴുത്തുവേദന, നീർക്കെട്ട് എന്നിവയ്ക്ക് മുളയരി ഉത്തമ ഔഷധമാണെന്ന് നാഗമ്മ വിശദീകരിച്ചു.

കേരള, കർണാടക സംസ്ഥാനങ്ങളിൽനിന്നും ആവശ്യക്കാർ കൂടുതലായി എത്തുന്നുണ്ടെന്ന് നാഗമ്മ കൂട്ടിച്ചേർത്തു. ഗൂഡല്ലൂർ-കക്കനെല്ല വഴിയോരങ്ങളിലാണ് ആദിവാസിവിഭാഗത്തിൽപ്പെട്ടവർ മുളയരിവിൽപ്പന നടത്തുന്നത്. ഒരു കിലോ മുളയരിക്ക് 800 രൂപവരെ ഈടാക്കുന്നുണ്ട്.