തൃത്താല : തൃത്താല ഹൈസ്കൂൾറോഡിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ ഗവ. എം.ആർ.എസ്. കെട്ടിടത്തിന് മുന്നിലെ റോഡരികിൽ മാലിന്യംതള്ളി.
കെട്ടിടത്തിന് മുൻവശത്തെ ഓവുചാലിലാണ് മാലിന്യം കെട്ടുകളാക്കി തള്ളിയത്. ഇതോടെ ഇതിലൂടെയുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ടിന് ഇടയാക്കുന്നുണ്ട്.
പി.പി.ഇ. കിറ്റുകളും മുഖാവരണങ്ങളുമാണ് ഉപേക്ഷിച്ചിരിക്കുന്നതെന്ന് കരുതി പ്രദേശവാസികൾ ആശങ്കയിലായി.
പിന്നീട് നടന്ന പരിശോധനയിൽ ബാർബർഷോപ്പിൽനിന്നുള്ള മാലിന്യമാണ് തള്ളിയതെന്ന് കണ്ടെത്തി. സംഭവത്തിൽ തൃത്താല പോലീസിൽ പരാതിനൽകുമെന്ന് സമീപത്തെ വീട്ടുകാർ പറഞ്ഞു. തൊട്ടടുത്തായി ഉപയോഗശൂന്യമായിക്കിടക്കുന്ന ഗവ. എം.ആർ.എസ്. കെട്ടിടത്തിന്റെ പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത് പതിവാണ്. കഴിഞ്ഞവർഷം ഈ ഭാഗത്തും പുഴയിലും അറവുമാലിന്യം തള്ളിയിരുന്നു.