വടക്കഞ്ചേരി : അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാമെന്നതിനുപുറമേ വടക്കഞ്ചേരി ടൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. കാലിത്തീറ്റ, കോഴിത്തീറ്റ വിൽപ്പനശാലകൾ, ഇലക്‌ട്രിക്കൽ, പ്ലമ്പിങ് ഉൾപ്പെടെയുള്ള കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, കൃഷിക്കാവശ്യമായ ജൈവവളങ്ങളും രാസവളങ്ങളും വിൽക്കുന്ന കടകൾ, പാക്കിങ് സാമഗ്രികളുൾപ്പെടെ വ്യാവസായികമേഖലയ്ക്ക് ആവശ്യമായ അംസ്‌കൃതവസ്തുക്കൾ തയ്യാറാക്കുന്ന സ്ഥാനങ്ങൾ തുടങ്ങിയവയ്ക്ക് വെളളിയാഴ്ചമുതൽ രാവിലെ ഒമ്പത് തൊട്ട്‌ ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിക്കാം. ടൗണിൽ ഒരാഴ്ച ഏർപ്പെടുത്തിയ കർശനനിയന്ത്രണം പിൻവലിച്ച് വ്യാഴാഴ്ചമുതൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് ടൗണിൽ പരിശോധന ശക്തമാക്കിയതായി വടക്കഞ്ചേരി എസ്.ഐ. കെ.സി. ബൈജു പറഞ്ഞു.

സമ്പർക്കവ്യാപനം കുറഞ്ഞു

:വടക്കഞ്ചേരിക്കാശ്വാസമായി സമ്പർക്കവ്യാപനം കുറയുന്നു. ബുധനാഴ്ച ആയക്കാട് നടത്തിയ കോവിഡ് പരിശോധനാക്യാമ്പിൽ 103 പേരെ പരിശോധിച്ചതിൽ ഒമ്പതുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമികസമ്പർക്ക പട്ടികയിലുളളവർക്ക് മാത്രമാണ് കൂടുതലായി കോവിഡ് സ്ഥിരീകരിക്കുന്നത്. സമ്പർക്കവ്യാപനം കണ്ടെത്തുന്നതിനായി ശനിയാഴ്ച അഞ്ചുമൂർത്തിമംഗലത്ത് 100 പേർക്ക് കോവിഡ് പരിശോധനാക്യാമ്പ് നടത്തുന്നുമെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.

വ്യാപാരികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കൊല്ലങ്കോട് : കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത്‌ പരിധിയിലുള്ള വ്യാപാരമേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ജൂൺ 16-ന് മുമ്പ് കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം.

നെഗറ്റീവ് സർടിഫിക്കറ്റ് കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മുമ്പാകെ ഹാജരാക്കി തുടർപ്രവർത്തനത്തിനുള്ള അനുമതിവാങ്ങണമെന്ന് ഗ്രാമപ്പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.

പ്രതിരോധ ഉപകരണങ്ങൾ നൽകി

അയിലൂർ : ഗ്രാമപ്പഞ്ചായത്തിലേക്ക് കെ.പി.എസ്.ടി.എ. നെന്മാറ ബ്രാഞ്ച് കമ്മിറ്റി കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. രമ്യ ഹരിദാസ് എം.പി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്‌നേഷിന് കൈമാറി.