വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി

പാലക്കാട് : കോവിഡ് ബാധിച്ച ആദിവാസി യുവതി ആശുപത്രി വാർഡിൽ പ്രസവിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പ്രസവിക്കുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. അട്ടപ്പാടി പുതൂർപഞ്ചായത്ത് പാലൂർ ഊരിലെ വെള്ളിങ്കിരിയുടെ ഭാര്യ മാരിയാത്തയാണ്‌ (27) ബുധനാഴ്ച രാവിലെ കോവിഡ് വാർഡിൽ പ്രസവിച്ചത്.

പ്രസവത്തിനായി ലേബർറൂമിലേക്ക് യുവതിയെ മാറ്റിയില്ലെന്നും വേണ്ടപരിചരണം നൽകിയില്ലെന്നുമായിരുന്നു ബന്ധുക്കളുടെ പരാതി. മാരിയാത്തയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. മാസംതികയാതെ പ്രസവിച്ച കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. കേസന്വേഷണഭാഗമായി വ്യാഴാഴ്ച കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്‌ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്കയച്ചതായി പാലക്കാട് ഡിവൈ.എസ്.പി. ചുമതലയുള്ള സി. ജോൺ പറഞ്ഞു.

കോട്ടത്തറ ആശുപത്രിയിൽനിന്നുതന്നെ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. പിന്നീട് വനിതാ-ശിശു ആശുപത്രിയിലെത്തി പരിശോധന നടത്തി കുഞ്ഞിന് ജീവനില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആദിവാസിയുവതി പ്രസവിച്ചെന്ന് പറയുന്ന കോവിഡ് വാർഡിൽ പ്രസവം നടത്താറുള്ളതാണെന്നാണ് ആശുപത്രിയിൽനിന്ന്‌ ലഭിച്ച വിവരമെന്നും പോലീസ് പറഞ്ഞു. സംഭവം ആരോഗ്യമന്ത്രി വീണജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി എൻ. ഷംസുദ്ദീൻ എം.എൽ.എ. പറഞ്ഞു.