പാലക്കാട് : ലോക്ഡൗൺമൂലം തമിഴ്‌നാട്ടിൽനിന്ന് മതിയായ തൊഴിലാളികളെത്താത്തത് അതിർത്തിയിലെ പച്ചക്കറിക്കർഷകരെ വലയ്ക്കുന്നു. മഴ കിട്ടിയ ആശ്വാസത്തിൽ കൃഷിപ്പണി തുടങ്ങാനിരുന്ന കർഷകർക്കാണ് തൊഴിലാളിക്ഷാമം വിനയാകുന്നത്.

ലോക്ഡൗണിൽ പച്ചക്കറിച്ചന്തകൾ അടച്ചതിനാൽ കഴിഞ്ഞ സീസണിലെ പച്ചക്കറികൾ വിറ്റഴിക്കാനാവാതെ കർഷകർ ദുരിതത്തിലായിരുന്നു. അതിന് പിന്നാലെയാണ് പുതിയ കൃഷിക്ക് ഇറങ്ങാനിരിക്കെ തൊഴിലാളികളെയും കിട്ടാത്തത്.

പ്രധാന പച്ചക്കറി ഉത്പാദനമേഖലകളായ വടകരപ്പതി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെല്ലാം നിലവിൽ കൃഷിയാരംഭിക്കുന്ന സമയമാണ്. 350 ഹെക്ടറിലധികം സ്ഥലത്ത് കൃഷിയിറക്കുന്ന വടകരപ്പതിയിലടക്കം മിക്കവരും വെണ്ടക്കൃഷിയടക്കം ചെയ്ത് തുടങ്ങി.

തൊഴിലാളികളിൽ പലരും ലോക്ഡൗൺ വന്നതോടെ നാട്ടിലേക്ക് മടങ്ങിയെന്ന് കർഷകർ പറയുന്നു. ഇവരിൽ പലരും തിരിച്ചെത്തിയിട്ടില്ല.

ദിവസേന തമിഴ്‌നാട്ടിൽനിന്ന്‌ പണിക്ക് വന്നിരുന്ന തൊഴിലാളികളും നിലവിൽ വരുന്നില്ല. ഇതുമൂലം നിലമൊരുക്കാനും കള പറിക്കാനുമെല്ലാം വൈകുന്ന സ്ഥിതിയാണെന്നും കർഷകർ ചൂണ്ടിക്കാണിക്കുന്നു.

ഒരേക്കറിൽ കള പറിക്കാൻ കുറഞ്ഞത് പത്ത് തൊഴിലാളികളെങ്കിലും വേണം. നിലവിൽ നാല് തൊഴിലാളികളെപ്പോലും തികച്ച് കിട്ടാത്ത സ്ഥിതിയാണ്.