വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിലെ ഇടതിൽ വവ്വാൽക്കൂട്ടം. ഓഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് പറയുന്ന തുരങ്കത്തിനകത്താണ് വവ്വാൽക്കൂട്ടം. മാസങ്ങളായി തുരങ്കത്തിനുള്ളിൽ ജോലികളൊന്നും നടക്കാത്തതിനെത്തുടർന്നാണ് വവ്വാലുകൾ തുരങ്കം അഭയകേന്ദ്രമാക്കിയത്. ഉള്ളിൽ മേൽഭാഗത്തായാണ് വവ്വാലുകൾ കൂട്ടത്തോടെ തൂങ്ങിക്കിടക്കുന്നത്. ഇതോടെ തുരങ്കത്തിലെ ജോലി വേഗം നടക്കുന്നുണ്ടെന്ന കരാർകമ്പനിയായ കെ.എം.സി.യുടെ വാദം പൊളിഞ്ഞു. തുരങ്കത്തിനുള്ളിൽ കാര്യമായ ജോലിയൊന്നും ചെയ്യാനില്ലെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ക്യാമറ സ്ഥാപിക്കലും ലൈറ്റ് ക്രമീകരണത്തിലും അഗ്നിസുരക്ഷാ സംവിധാനമൊരുക്കുന്നതിലും മറ്റും പണികൾ ബാക്കിയാണ്. തുരങ്കത്തിനുള്ളിൽ സിഗ്നൽ സംവിധാനങ്ങളും സ്ഥാപിക്കാനുണ്ട്. ഉള്ളിൽ ജോലിയൊന്നും നടക്കുന്നില്ലെങ്കിലും 45 ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കി ഗതാഗതത്തിനായി തുറക്കാനാകുമെന്നാണ് കരാർകമ്പനിയുടെ പ്രഖ്യാപനം. പുറത്തുള്ള ജോലിയും മെല്ലെയാണ് നടക്കുന്നത്. തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് മുകളിൽനിന്ന് മണ്ണിടിയാതിരിക്കാനുള്ള കോൺക്രീറ്റിങ് തുടങ്ങാനായിട്ടില്ല. മഴയാണ് തടസ്സമായി കരാർകമ്പനി പറയുന്നതെങ്കിലും മഴയില്ലാതിരുന്ന സമയത്ത് ജോലി നടത്താനും കമ്പനിക്കായില്ല.