ചിറ്റൂർ : കാലവർഷം അറച്ചുനിൽക്കുന്നു, വാളയാർഡാം തുറന്നില്ല, വെള്ളമില്ലാതെ ഏലപ്പുള്ളി മേഖലയിൽ ഒന്നാംവിള നെൽക്കൃഷി പ്രതിസന്ധിയിൽ. പച്ചിലവളത്തിന് ഡെയ്‌ഞ്ച വിത്ത് പാകിയവരുടെ ചെടികൾ വളർന്ന് മൂത്ത് ഒരാൾപ്പൊക്കത്തിലായി. ഉഴുതുമറിച്ച് വളമാക്കാൻ പാടത്ത് നിറയെ വെള്ളംവേണം. മൂക്കുന്നതിനുമുമ്പ് ഉഴുതുമറിച്ചില്ലെങ്കിൽ പച്ചിലവളത്തിന്റെ ഗുണം നഷ്ടമാകുമെന്ന് കർഷകൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

ഇക്കുറി ഈ മേഖലയിൽ 80 ശതമാനവും നടീലാണ്. വെള്ളമില്ലാതെ വയലൊരുക്കാത്തവരുണ്ട്. ഒരുക്കിയവർക്ക് പാകിയ

ഞാറുപറിച്ച് നടാനും വെള്ളമില്ല. ഞാർ മൂപ്പെത്തി. സമയംതെറ്റിയാൽ അത് വിളവിനെ ബാധിക്കും. വെള്ളക്കുറവുമൂലം നട്ടവരുടെ നെൽച്ചെടി മുരടിപ്പായി പാടങ്ങളിൽ കളയും പെരുകി. കുളമുള്ള ഏതാനും കർഷകരാണ് പിടിച്ചുനിൽക്കുന്നത്.

ഇതിനിടെ തൊഴിലാളിക്ഷാമവും കാർഷികമേഖലയെ പ്രതിസന്ധിയിലാക്കുന്നു. വാളയാർഡാം ഉടൻ തുറക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.

പോത്തുണ്ടി അണക്കെട്ട് തുറക്കണം

അയിലൂർ : നടാൻ വെള്ളമില്ലാത്തതിനാൽ അയിലൂർ ഭാഗത്തേക്ക് പോത്തുണ്ടി അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടണമെന്ന് അയിലൂർ പഞ്ചായത്ത് സംയുക്ത പാടശേഖരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. പ്രഭാകരൻ, സെക്രട്ടറി കെ. നാരായണൻ, സുലൈമാൻ എന്നിവർ സംസാരിച്ചു.