കോയമ്പത്തൂർ : പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം ദ്രാവിഡമുന്നേറ്റക്കഴകത്തിന്റെ (ഡി.എം.കെ.) മുഖ്യമന്ത്രി ഔദ്യോഗിക പരിപാടിക്കായി സേലത്തേക്കെത്തുന്നു. മുൻ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയുടെ കോട്ടയിലേക്കാണ് ഡി.എം.കെ.യുടെ മൂന്നാമത്തെ മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിൻ 12-ന് എത്തുന്നത്. പ്രതിപക്ഷകക്ഷികളായ എ.ഐ.എ.ഡി.എം.കെ., പി.എം.കെ. എന്നീ പാർട്ടികളാണ് മൃഗീയ ഭൂരിപക്ഷവുമായി സേലംജില്ലയിൽനിന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയത്.

ഭാവിയിലെ പാർട്ടിയുടെ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന സ്റ്റാലിൻ എതിർപാർട്ടികൾ കൂടുതലുള്ള ജില്ലകളിലേക്കാണ് ശ്രദ്ധതിരിക്കുന്നത്. സ്വന്തം പാർട്ടിയായ ഡി.എം.കെ. ഒറ്റസീറ്റ് പോലും ജയിക്കാത്ത കോയമ്പത്തൂരിലേക്ക് രണ്ടാഴ്ചയ്ക്കിടെ രണ്ടുതവണയാണ് സ്റ്റാലിൻ എത്തിയത്. ഇത് പ്രധാന പ്രതിപക്ഷപാർട്ടിയായ എ.ഐ.എ.ഡി.എം.കെ.യുടെ മനസ്സിൽ ആധിപടർത്തുന്നുമുണ്ട്. സ്റ്റാലിന്റെ ഇത്തവണത്തെ യാത്ര കർഷകരുടെ ആവശ്യങ്ങൾ മാനിച്ച് തമിഴകത്തിന്റെ നെല്ലറയിലേക്കും നീളും.

തമിഴ്നാട്ടിലെ ഏറ്റവുംവലിയ അണക്കെട്ടായ മേട്ടൂർ അണക്കെട്ട് കൃഷിക്കായി തുറന്നുനൽകാൻ വർഷങ്ങളായി മുഖ്യമന്ത്രിമാരാണ് എത്തുന്നത്. ജയലളിതസർക്കാർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ചെറിയ അണക്കെട്ടുകളടക്കം തുറക്കുന്നതിന് മുഖ്യമന്ത്രിയുടെ സൗകര്യംനോക്കിയായിരുന്നു.

ഇത്തവണ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത് ആദ്യമായി കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിരുന്നു സ്റ്റാലിൻ മുൻഗണന നൽകിയത്. ഈവർഷത്തെ ജലസേചന കാര്യങ്ങൾക്കായുള്ള കമ്മിറ്റിയുടെ അഭ്യർഥനയനുസരിച്ച് ജൂൺ 12-നാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്.

മേട്ടൂർ അണക്കെട്ട് ജലസേചനത്തിന് തുറന്നുനൽകുന്ന പരിപാടിയിൽ പങ്കെടുത്തശേഷം അണക്കെട്ടിൽനിന്ന് വെള്ളം പാഞ്ഞൊഴുകുന്ന കാവേരിനദിയുടെ വിവിധഭാഗങ്ങൾ തിരുച്ചിറപ്പള്ളി ജില്ലയിലെത്തി അദ്ദേഹം സന്ദർശിക്കും. തമിഴകത്തിലെ നെല്ലറയായ തഞ്ചാവൂരിലെ ഭാഗങ്ങൾ കാണുന്നതോടൊപ്പം കർഷകരുമായി സംവദിക്കയും ചെയ്യുമെന്ന് അറിയുന്നു. മേട്ടൂർ അണക്കെട്ടിൽനിന്ന്‌ തുറന്നുവിടുന്ന വെള്ളം തഞ്ചാവൂരിലെ മൂന്നരലക്ഷം ഹെക്ടർ നെൽപ്പാടത്തേക്ക് എത്തിച്ചേരും.

ഈ വർഷത്തെ രണ്ടാംവിളയ്ക്കാണ് (തമിഴിൽ കുറുവ) ഇപ്പോൾ അണക്കെട്ട് തുറക്കുന്നത്.