ഈറോഡ് : ഈറോഡ് ജില്ലയോടും കേരളാതിർത്തിയോടും ചേർന്നുള്ള കാടുകളിൽ മാവോവാദികളുള്ളതായി രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പത്ത്‌ പോലീസ് സ്റ്റേഷനുകൾ അതീവജാഗ്രതയിലാണ്.

ജില്ലയിലെ നക്സൽ പ്രതിരോധവിഭാഗം പോലീസ് സേനയും ഇവിടങ്ങളിൽ സഹായത്തിനുണ്ട്.

ജില്ലയിലെ തമിഴ്നാട്-കർണാടക അതിർത്തി ചെക്പോസ്റ്റുകളിലും കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.ജില്ലയിലെ വനമേഖല കേന്ദ്രീകരിച്ചുള്ള ബർഗുർ, വെള്ളിത്തിരുപ്പൂർ, ബംഗളപുതൂർ, ഭവാനിസാഗർ, ആസന്നൂർ, കടമ്പൂർ, ഏർമാളം, താളവാടി പോലീസ് സ്റ്റേഷനുകളുടെ മുൻപിൽ സുരക്ഷയ്ക്കായി സായുധപോലീസ് 24 മണിക്കൂറും നിരീക്ഷണത്തിലാണ്.

ഏത്‌ സമയവും അക്രമസാധ്യതയുണ്ടെന്നാണ് ഇവർക്ക് ലഭിച്ചിരിക്കുന്ന വിവരം. പോലീസ്‌ സ്റ്റേഷനോടും കാടിനോടും ചേർന്നുകിടക്കുന്ന ഗ്രാമങ്ങളിലും പോലീസ് റോന്തുചുറ്റുന്നുണ്ട്. അപരിചിതരെ കണ്ട്‌ സംശയം തോന്നിയാൽ ഉടനെതന്നെ വിവരം അറിയിക്കണമെന്ന് ഗ്രാമവാസികളെ പോലീസ് അറിയിച്ചിട്ടുണ്ട്.