കൂറ്റനാട് : ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ സഹായിക്കാനുള്ള സംവിധാനങ്ങൾ തൃത്താലമണ്ഡലത്തിൽ നടപ്പാക്കുന്നതായി നിയുക്ത എം.എൽ.എ. എം.ബി. രാജേഷ്. അവശ്യവസ്തുക്കളും മരുന്നും എത്തിക്കുന്നതിനും മറ്റ് സഹായസേവനങ്ങൾ ലഭ്യമാക്കുന്നതിനും പഞ്ചായത്ത് കേന്ദ്രങ്ങളിൽ വൊളന്റിയർ സേനയെയാണ് സജ്ജമാക്കിയിട്ടുള്ളത്.

മരുന്ന്, റേഷൻ കടകളിൽനിന്നുള്ള റേഷൻവിഹിതം, മറ്റ് ഭക്ഷ്യസാധനങ്ങൾ എന്നിവയെല്ലാം വീട്ടിലെത്തിച്ചുനൽകും. ഇതിന് ബില്ലിലുള്ള തുകമാത്രം നൽകിയാൽമതി. സേവനം സൗജന്യമാണ്. കോവിഡ് ബാധിച്ചവരെ ആംബുലൻസിൽ കയറ്റുന്നതിനും മറ്റ് എന്ത് അത്യാവശ്യ കാര്യങ്ങൾക്കും പി.പി.എ. കിറ്റ് ധരിച്ച വൊളന്റിയർമാരുടെ സേവനവും ലഭ്യമാണ്. അനിവാര്യ സാഹചര്യങ്ങളിൽ രക്തം ആവശ്യമായിവന്നാൽ അതിനുള്ള സംവിധാനവും ഒരുക്കും.

അത്യാവശ്യഘട്ടങ്ങളിൽ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് സെന്ററിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും സഹകരണത്തോടെയാകും സഹായകേന്ദ്രവും വൊളന്റിയർ സേനയും പ്രവർത്തിക്കുക.