ഒറ്റപ്പാലം : താലൂക്കാശുപത്രിയിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള തിരക്ക് നിയന്ത്രിക്കാൻ ഓൺലൈൻ സംവിധാനം വരുന്നു.

കുത്തിവെപ്പെടുക്കേണ്ടവർക്ക് ടോക്കൺ എടുക്കുന്നതിനായാണ് ആശുപത്രിക്ക് മാത്രമായി ഓൺലൈൻ സംവിധാനം തുടങ്ങുന്നത്. ഒരു വെബ്പോർട്ടൽ മുഖാന്തരം ടോക്കൺ നൽകാനാകും ശ്രമം.

ദിവസേന ആശുപത്രിയിൽ കുത്തിവെപ്പിനുള്ള തിരക്ക് അനിയന്ത്രിതമാകുന്നതിനെത്തുടർന്നാണ് പുതിയ വെബ്പോർട്ടൽ സംവിധാനം നടപ്പാക്കുന്നത്. തിങ്കളാഴ്ച ഒറ്റപ്പാലം നഗരസഭാധികൃതരുടെ നേതൃത്വത്തിൽ നടക്കുന്ന കോവിഡ് അവലോകനയോഗത്തിൽ വെബ് പോർട്ടൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമതീരുമാനമെടുക്കും.

വാക്‌സിന്റെ ഒന്ന്, രണ്ട് ഡോസുകളെടുക്കാൻ തത്സമയ രജിസ്‌ട്രേഷനുള്ള ദിവസങ്ങളിലാണ് ടോക്കൺവിതരണം ഓൺലൈനാക്കുക. ഇതോടെ കുത്തിവെപ്പിനെത്തുന്നവർക്ക് ആശുപത്രിയിലെത്തി വരിനിൽക്കാതെ ടോക്കണെടുക്കാം.

ഒപ്പം വരിനിന്നിട്ടും ടോക്കൺ ലഭിക്കാതെ കുത്തിവെപ്പിന് അവസരംകിട്ടാതെ മടങ്ങിപ്പോകേണ്ട സാഹചര്യവും ഒഴിവാക്കാമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. ഒപ്പം വരിനിൽക്കുകയും കൂട്ടംകൂടുകയും ചെയ്ത് രോഗംപകരുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.

നേരത്തേ കോവിഡ് പരിശോധനക്കെത്തുന്നവരുടെ തിരക്കുകൂടിയ സാഹചര്യമുണ്ടായപ്പോൾ താലൂക്കാശുപത്രി വെബ് പോർട്ടൽ സംവിധാനമൊരുക്കിയിരുന്നു. ഇതോടെ പരിശോധനയ്‌ക്ക് തിരക്ക് കുറയുകയും ചെയ്തിരുന്നു. അതേരീതിയാകും വാകിസിനേഷനും സ്വീകരിക്കുക.

നിലവിൽ താലൂക്കാശുപത്രിയിലെ വാക്‌സിനേഷൻ ആകെ ആശയക്കുഴപ്പത്തിലാണ്. വാക്‌സിനെടുക്കാൻ താലൂക്കിന് പുറത്തുള്ളവർപോലും എത്തുന്ന സാഹചര്യമുണ്ടായിരുന്നു.

പുലർച്ചെ നാലുമണിമുതൽതന്നെ ആളുകൾ ടോക്കൺ വാങ്ങാനായി വരിനിൽക്കാനെത്തുന്നുണ്ട്. ഇത് പലപ്പോഴും നീണ്ടവരിക്ക് കാരണമാവുകയും ആരോഗ്യവകുപ്പ് അധികൃതരും കുത്തിവെപ്പിനെത്തുന്നവരും തമ്മിൽ തർക്കത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതിനിടെ കൗൺലസിലർമാർ മുഖാന്തരം വാക്‌സിനെടുക്കാൻ അവസരമെന്ന രീതി നടപ്പാക്കിയെങ്കിലും ആക്ഷേപമുയർന്നതോടെ അതും പിൻവലിച്ചു. ഒടുവിലാണ് വെബ് പോർട്ടൽ സംവിധാനത്തിലൂടെ തിരക്കുകുറയ്ക്കാമെന്ന ആലോചനയിലേക്കെത്തിയത്.