കോയമ്പത്തൂർ : കോവിഡ്‌-19 രോഗികൾക്കാവശ്യമായ ആന്റി വൈറൽ ഔഷധമായ റെംഡിസിവർ കോയമ്പത്തൂരിൽ ലഭ്യമായതായി കോയമ്പത്തൂർ മെഡിക്കൽകോളേജ്‌ ഡീൻ നിർമല അറിയിച്ചു. പീളമേട്‌ കോയമ്പത്തൂർ മെഡിക്കൽകോളേജ്‌ ആശുപത്രിയിലും സേലം മോഹൻകുമരമംഗലം മെഡിക്കൽകോളേജ്‌ ആശുപത്രിയിലും മരുന്ന്‌ ലഭ്യമാണ്‌. തമിഴ്‌നാട്‌ സർക്കാർ സംസ്ഥാനത്ത്‌ കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച്‌ ജില്ലകളിൽ മരുന്നുവില്പന ആരംഭിച്ചു. മരുന്നിന്റെ വില്പന കരിഞ്ചന്തയിൽ പോകുന്നതായി പരാതിയും ആശങ്കയും കോവിഡ്‌ രോഗികൾക്കുണ്ടായിരുന്നതായും അതൊഴിവാക്കാൻ കഴിഞ്ഞെന്നും അധികൃതർ പറഞ്ഞു. തമിഴ്‌നാട്‌ മെഡിക്കൽ സർവീസ്‌ കോർപ്പറേഷൻ ലിമിറ്റഡാണ്‌ മരുന്ന്‌ വില്പന നടത്തുന്നത്‌.

കോയമ്പത്തൂരിൽ 500 വയൽസ്‌ മരുന്ന്‌ അനുവദിച്ചിട്ടുണ്ട്‌. മരുന്നിന്‌ തിക്കുംതിരക്കും ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പധികൃതർ നടപടി സ്വീകരിച്ചു. വിതരണ നിയന്ത്രണത്തിന്‌ പോലീസ്‌ സഹായവും തേടിയിട്ടുണ്ട്‌.