തമിഴ്നാട്ടിൽ 28,897 പേർക്കുകൂടി

10 ദിവസത്തിൽ 10,000 രോഗികൾ വർധിച്ചു

കോയമ്പത്തൂർ : തുടർച്ചയായി അഞ്ചാം ദിനവും കോയമ്പത്തൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഞായറാഴ്ച വൈറസ് ബാധിതരുടെ എണ്ണം 2,509 ആയി വർധിച്ചു. ബുധനാഴ്ച 2,029 പേർക്കും വ്യാഴാഴ്ച 2,068 പേർക്കും വെള്ളിയാഴ്ച 2,101 പേർക്കും ശനിയാഴ്ച 2,117 പേർക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂർ കോർപറേഷൻ പരിധിയിൽ രോഗബാധ 72 ശതമാനത്തിൽ കൂടുതലാണ് രേഖപ്പെടുത്തിയത്.

നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 11,731 ആയി വർധിച്ചു. ഇന്ന് 9 പേർ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 759 ആയി ഉയർന്നു. 1,705 പേരാണ് ആശുപത്രി വിട്ടത്.

തമിഴ്നാട്ടിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഞായറാഴ്ചയും രേഖപ്പെടുത്തിയത്. ശനിയാഴ്ച 27,397 ലെത്തിയ രോഗബാധിതരുടെ എണ്ണം ഞായറാഴ്ച 1,500-ഓളം വർധിച്ച്‌ 28,897 ആയി കുതിച്ചുയർന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 29ന് സംസ്ഥാനത്താകെ 17,897 രോഗബാധിതരാണ് ഉണ്ടായിരുന്നത്. 10 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണത്തിൽ പതിനായിരം കണ്ട് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 236 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 15,648 ആയി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,44,547 ആയി.

മധുര- 1,068, തിരുച്ചിറപ്പള്ളി- 813, ഈറോഡ് 691, തിരുപ്പൂർ -641, സേലം -639 എന്നിങ്ങനെയാണ്‌ പ്രധാന ജില്ലകളിലെ കോവിഡ് ബാധിതരുടെ എണ്ണം

മരണനിരക്ക് ഉയരുന്നു

വീണ്ടും രോഗബാധ അനുദിനം വർധിച്ചുവരുന്ന മധുരയിൽ ഞായറാഴ്ച 1,068 വൈറസ് ബാധിതരെ കണ്ടെത്തിയപ്പോൾ ജില്ലയിൽ 14 പേരാണ് മരണമടഞ്ഞത്. ഇതേപോലെ തിരുച്ചിറപ്പള്ളിയിൽ 813 വൈറസ് ബാധിതരെ കണ്ടെത്തിയപ്പോൾ മരണസംഖ്യ പത്തായി രേഖപ്പെടുത്തി. എന്നാൽ, താരതമ്യേന മെഡിക്കൽ രംഗത്ത് ഉയർന്ന നിലയിലുള്ള കോയമ്പത്തൂരിൽ മരണനിരക്ക് കുറവായാണ് രേഖപ്പെടുത്തിയത്. 2,500 പേർക്ക് കോവിഡ് കണ്ടെത്തിയപ്പോൾ ഒൻപത് പേർ മാത്രമാണ് മരിച്ചത്.