നെന്മാറ: അടുക്കളയുണരുംമുമ്പേ ഒരല്പം സമയംകണ്ടെത്തി ആരോഗ്യം സംരക്ഷിക്കുന്നതിന് പുലർകാലത്തെ നടത്തം ഒപ്പിച്ചെടുക്കുന്നവരാണ് നല്ലൊരുപങ്ക് വീട്ടമ്മമാരരും. ആ ശീലമൊന്ന് മാറ്റിപ്പിടിച്ച്‌ സൈക്കിളിൽ സവാരി നടത്തുകയാണ് വളർമതി (51) എന്ന വീട്ടമ്മ.

നെന്മാറ എ.കെ. നഗറിൽ വിനുഭവനിൽ പരേതനായ കുമാരസ്വാമിയുടെ ഭാര്യയാണ് വളർമതി. വെറുതെ സൈക്കിൾസവാരി മാത്രമല്ല, കുട്ടികളേക്കാൾ സ്പീഡിലാണ് യാത്ര. കാലത്ത് സൈക്കിളിങ്ങും വൈകീട്ട് ജിമ്മിലും പോയിത്തുടങ്ങിയതോടെ വളർമതി യുവത്വത്തോട് കട്ടയ്ക്ക് നിൽക്കയാണ്.

പ്രഭാതനടത്തം വളർമതി നേരത്തേ പതിവാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ സമ്പൂർണ അടച്ചിടൽകൂടി വന്നതോടെ നടത്തത്തിനും പൂട്ടുവീണു. അപ്പോഴാണ് ചെറുപ്പകാലത്ത് ശീലിച്ച സൈക്കിളിലേക്ക് നോട്ടംപോയത്. വീടിന്റെ പരിസരങ്ങളിൽ പുലർകാലത്ത് സൈക്കിൾസവാരി തുടങ്ങി. പിന്നീട് 13,500 രൂപ ചെലവാക്കി ആറുമാസംമുമ്പ് പുതിയ സ്‌പോർട്‌സ് സൈക്കിൾ വാങ്ങി.

അന്നുമുതൽ പുലരിത്തണുപ്പിൽ നെന്മാറയിൽനിന്ന് പോത്തുണ്ടി പാതയിലൂടെ ദിവസവും 17 കിലോമീറ്റർ സൈക്കിൾയാത്ര. വ്യായാമമായിട്ടല്ല, തികച്ചും ആസ്വദിച്ചാണ് ഈ യാത്ര. സൈക്കിൾയാത്ര ഹരമായതോടെ മകൻ വിനോദ്കുമാറും സുഹൃത്തുക്കളും പതിവാക്കിയിരുന്ന സൈക്കിൾയാത്രയ്ക്കൊപ്പം വളർമതിയും കൂടി. ആദ്യയാത്ര നെന്മാറയിൽനിന്ന് പാലക്കാട്ടേക്കായിരുന്നു.

യാത്ര പുലർച്ചെ അഞ്ചുമണിക്ക്‌ തുടങ്ങി. ഒൻപത് മണിയോടെ വീട്ടിൽ തിരിച്ചെത്തിയതോടെ ആത്മവിശ്വാസം വർധിച്ചു. അതോടെ എല്ലാ ഞായറാഴ്ചകളും സൈക്കിൾയാത്രാദിവസമായി മാറി. പിന്നീട് മലമ്പുഴ, കവ, വാളയാർ, മംഗലംഡാം, ആനമല തുടങ്ങിയ ഭാഗങ്ങളിലൊക്കെ സൈക്കിളിൽ കറങ്ങി. ഇനി ഗിയർ സൈക്കിൾ സ്വന്തമാക്കി പഴനിയിലേക്ക് സവാരിനടത്താനുള്ള ഒരുക്കത്തിലാണ് അമ്മയും മകനും.