പാലക്കാട് : നവീകരണത്തിനുശേഷം മുൻപുണ്ടായിരുന്ന വണ്ടികൾപോലും ഓടിച്ചില്ലെങ്കിലും പൊള്ളാച്ചി-പാലക്കാട് റെയിൽപാതയ്ക്ക് പ്രതീക്ഷയായി വൈദ്യുതീകരണം ആരംഭിച്ചു.

ഇത് പൂർത്തിയാവുന്നതോടെ നിലവിൽ ഈ പാതയിലുള്ള അമൃത എക്സ്പ്രസ്സും പാലക്കാട്-ചെന്നൈ എക്സ്പ്രസ്സും ഡീസൽ എൻജിനിൽനിന്ന് വൈദ്യുത എൻജിനിലേക്ക് മാറ്റാനാവും. പാലക്കാട് ടൗൺ മുതൽ പൊള്ളാച്ചിവരെ 53.78 കിലോമീറ്ററാണുള്ളത്.

പൊള്ളാച്ചി-പാലക്കാട് ടൗൺ പാതയ്ക്കൊപ്പം പൊള്ളാച്ചി-ഡിണ്ടുക്കൽ പാതയിലും വൈദ്യുതീകരണ ജോലികൾ ആരംഭിച്ചിട്ടുണ്ട്.

പൊള്ളാച്ചി-പാലക്കാട് പാതയിൽ ഒരു ചെറിയ ഭാഗമൊഴിച്ചാൽ വൈദ്യുതത്തൂണുകൾ സ്ഥാപിക്കുന്ന പ്രവൃത്തി കൊല്ലങ്കോടുവരെയെത്തി. പൊള്ളാച്ചി-ഡിണ്ടുക്കൽ പാതയിൽ പണി പഴനിവരെ എത്തിയിട്ടുണ്ട്.

ഈ രണ്ട് പാതയിലേയും വൈദ്യുതീകരണപ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാവുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ (ഇലക്‌ട്രിഫിക്കേഷൻ) പറഞ്ഞു.