കൊപ്പം : കഴിഞ്ഞ ദിവസം പോളിങ്ങിനിടെ കുലുക്കല്ലൂർ നാട്യമംഗലത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് നൂറുദ്ദീനെ പോലീസ് മർദിച്ച നടപടിക്കെതിരേ പ്രതിഷേധം ഉയർന്നു. മർദനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുഹമ്മദ് നൂറുദ്ദീനെ കൊപ്പം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുലുക്കല്ലൂർ പഞ്ചായത്തിലെ നാട്യമംഗലം 44-ാം നമ്പർ ബൂത്തിൽ കഴിഞ്ഞദിവസം വോട്ട് ചെയ്യാൻ എത്തിയ വോട്ടർക്ക് ഇരട്ടവോട്ട് ഉണ്ടായെന്ന സംശയത്തിന്റെ പേരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. വിഷയത്തിൽ പോലീസ് ഏകപക്ഷിയമായി ഇടപെട്ടുവെന്നാരോപിച്ച്, മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് നൂറുദ്ദീൻ രംഗത്ത് വരികയും പോലീസുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ പോലീസ് മുഹമ്മദ് നൂറുദ്ദീനെ മർദിക്കുകയും വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. പ്രവർത്തകരുടെ പ്രതിഷേധം ഉയർന്നതോടെ പോലീസ് പിൻവാങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയങ്ങളിൽ പ്രചരിച്ചിരുന്നു.

ബുധനാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് നൂറുദ്ദീനെ കൊപ്പം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊതുപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും പോലീസ് മർദിക്കുകയായിരുന്നുവെന്നും ഇതിനെതിരേ മുഖ്യമന്ത്രി, ഡി.ജി.പി., തിരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും മുഹമ്മദ് നൂറുദ്ദീൻ പറഞ്ഞു.

കെ.പി.സി.സി. വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ്, യു.ഡി.എഫ്. സ്ഥാനാർഥി റിയാസ് മുക്കോളി, നേതാക്കളായ കമ്മുക്കുട്ടി എടത്തോൾ, എ.പി. രാമദാസ്, എൻ. ഗോപകുമാർ, രാജൻ പൂതനായിൽ, എം.കെ. ഗഫൂർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ ആശുപത്രിയിൽ എത്തി മുഹമ്മദ് നൂറുദ്ദീനെ സന്ദർശിച്ചു. യു.ഡി.എഫ്. പ്രവർത്തകരോടും മുഹമ്മദ് നൂറുദ്ദീനോടും മോശമായി പെരുമാറിയ പോലിസുക്കാർക്കെതിരേ കർശനമായ നടപടി വേണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷസമരത്തിനിറങ്ങുമെന്നും യൂത്ത് കോൺഗ്രസ് നേതാവുകൂടിയായ റിയാസ് മുക്കോളി പറഞ്ഞു.