കുളപ്പുള്ളി : കണയത്ത് രണ്ടു വാർഡുകളിൽക്കൂടി കടന്നുപോകുന്ന രണ്ട് തോടുകളുണ്ട്. വലിയ തോടും വടക്കേ തോടും. മുന്നൂറ് ഏക്കറിൽ കൂടുതൽ സ്ഥലത്താണ് ഈ തോടുകളെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. എന്നാൽ, നാളുകളായി കർഷകർക്ക് ഇവയെ ആശ്രയിക്കാനാകാത്ത സ്ഥിതിയാണ്. മഴക്കാലമായാൽ തോടുകൾ പൊട്ടിയ ഭാഗത്തുകൂടി വെള്ളം ഒഴുകിയെത്തി കൃഷി നശിക്കും. വേനലിലാകട്ടെ, തുള്ളിവെള്ളവുമില്ല.

കണയം, കക്കോട്, എടക്കാട് എന്നീ പാടശേഖരങ്ങളിലൂടെയാണ് ഈ രണ്ട് തോടുകൾ കടന്നുപോകുന്നത്. യന്ത്രമുപയോഗിച്ച് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് സംരക്ഷണഭിത്തികൾ നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. നേരത്തെ ശക്തമായ മഴയിൽ ഏക്കർ കണക്കിന് കൃഷിനഷ്ടമുണ്ടായ പ്രദേശം കൂടിയാണ് എടക്കാട്, കണയം ഭാഗങ്ങൾ. തോടിന്റെ തടസ്സങ്ങൾ നീക്കിയാൽ തകർച്ച തടയാനാകുമെന്ന് കർഷകർ പറയുന്നു.

വേമ്പലത്തുപാടം വഴി വരുന്ന വടക്കേത്തോട് പല ഭാഗത്തും തകർച്ച കാരണം കൃഷിസ്ഥലങ്ങൾ വഴിയാണ് ഒഴുകുന്നത്. ഇതുമൂലം വ്യാപക കൃഷിനാശമാണ് അനുഭവപ്പെടുന്നത്. ഇതിനുപുറമേയാണ് ഒഴുകിവരുന്ന വെള്ളത്തിനൊപ്പം മാലിന്യങ്ങളും അടിഞ്ഞുകൂടുന്നത്. ഇത് പിന്നീട് കൃഷി ചെയ്യുന്നതിന് കർഷകരെ വളരെ ബുദ്ധിമുട്ടിലാക്കുന്നു.

കുറുവട്ടൂർ ഭാഗത്തുനിന്ന് വരുന്ന വലിയതോട് പല ഭാഗത്തും തകർച്ചയിലാണ്. നിലവിൽ കരുമാടിയിൽ ചിറയുണ്ടെങ്കിലും വേനൽക്കാലത്ത് വെള്ളമില്ലാത്ത അവസ്ഥയാണ്. തോടുകൾ നന്നാക്കിയാൽ കർഷകർക്ക് വേനൽക്കാലത്തും പച്ചക്കറിയുൾപ്പെടെ കൃഷി ചെയ്യുവാൻ സാധിക്കും. നിരവധി തവണ പരാതികൾ കൊടുത്തുവെങ്കിലും നടപടിയായില്ലെന്ന് കർഷകർ പറയുന്നു. തോടുകൾ നന്നാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.