ചെന്നൈ : പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോയമ്പത്തൂർ സൗത്ത് ബി.ജെ.പി. സ്ഥാനാർഥി വാനതി ശ്രീനിവാസൻ, ചെപ്പോക്ക് ഡി.എം.കെ. സ്ഥാനാർഥി ഉദയനിധി സ്റ്റാലിൻ, മക്കൾ നീതി മയ്യം നേതാവ് കമൽഹാസന്റെ മകൾ ശ്രുതി ഹാസൻ എന്നിവർക്കെതിരേ പരാതി.

എ.ഐ.എ.ഡി.എം.കെ. വക്താവാണ് ഉദയനിധിക്കെതിരേ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹുവിന് പരാതി നൽകിയത്. പോളിങ് ബൂത്തിലേക്ക് ആളുകളെ എത്തിച്ച് ഉദയനിധി വോട്ട് അഭ്യർഥിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു.

കോയമ്പത്തൂർ സൗത്തിലെ കോൺഗ്രസ് സ്ഥാനാർഥി മയൂര ജയകുമാറാണ് വാനതിക്കെതിരേ പരാതി നൽകിയത്. വാനതി ശ്രീനിവാസൻ താമരയുടെ ചിത്രമുള്ള സാരിയുടുത്ത് ബൂത്തിലെത്തിയെന്നാണ് പരാതി.

കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലെ പോളിങ് ബൂത്തുകളിൽ അതിക്രമിച്ചു കയറിയെന്നാണ് ശ്രുതിഹാസനെതിരേയുളള പരാതി. ബി.ജെ.പി.യുടെ ഏജന്റ് നന്ദകുമാറാണ് പരാതി നൽകിയത്.