കോങ്ങാട് : വാശിയേറിയ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കോങ്ങാട് മണ്ഡലത്തിൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് വർധനയില്ലാതെ പോളിങ്. 2016-ൽ 77.14 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ 75.16 ശതമാനമാണ് ഇത്തവണ പോൾചെയ്തത്. ഇനി തപാൽവോട്ടുകൾകൂടി ചേർക്കാനുണ്ടെങ്കിലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തിൽ എത്തിയേക്കില്ല.

ആകെയുള്ള 1.81 ലക്ഷം വോട്ടർമാരിൽ 1.36 ലക്ഷം പേരും വോട്ട് ചെയ്തു. 66,993 പുരുഷൻമാരും 69,169 വനിതകളുമാണ് വോട്ട് ചെയ്തത്. പോളിങ് ശതമാനം ചെറിയ കുറവുള്ളത് ആരെ തുണയ്‌ക്കുമെന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. 2016-ൽ 45.74 ശതമാനം വോട്ട് നേടിയാണ് സി.പി.എമ്മിന്റെ കെ.വി. വിജയദാസ് വിജയിച്ചിരുന്നത്. കാലാവധി പൂർത്തിയാക്കുംമുമ്പേ അദ്ദേഹം അന്തരിച്ചു. എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ അന്ന് 35.76 ശതമാനം വോട്ടാണ് നേടിയത്. എൻ.ഡി.എ. 17.91 ശതമാനം വോട്ടും നേടിയിരുന്നു. നോട്ടയ്‌ക്ക് 1,160 ലഭിച്ചു.

ഇടത് പക്ഷത്തെ തുണയ്‌ക്കാറുള്ള കോങ്ങാട്ട് ഇത്തവണ കെ. ശാന്തകുമാരി എൽ.ഡി.എഫിനായി മത്സരിച്ചപ്പോൾ യു.ഡി.എഫ്. സീറ്റ് ലീഗിന് നൽകുകയും യു.സി. രാമൻ സ്ഥാനാർഥിയാവുകയും ചെയ്തു. എൻ.ഡി.എക്കായി എം. സുരേഷ് ബാബുവും കളംനിറഞ്ഞ് പ്രചാരണം നടത്തി. സീറ്റ് എൽ.ഡി.എഫ്. നിലനിർത്താനാണ് വോട്ടിങ് ശതമാനക്കണക്കുകൾ നൽകുന്ന സൂചന. എന്നാൽ, എൽ.ഡി.എഫ്. അടിയൊഴുക്കുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞവർഷത്തേക്കാൾ വോട്ട് വിഹിതം എൻ.ഡി.എ. നേടാനുള്ള സാഹചര്യവുമുണ്ട്. ഇതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും.

ഭൂരിപക്ഷം നേടും

യു.ഡി.എഫ്. കോങ്ങാട് നിയോജകമണ്ഡലത്തിൽ ഭൂരിപക്ഷംനേടും. ഒമ്പതിൽ ഏഴ്‌ പഞ്ചായത്തുകളിലും യു.സി. രാമന് ലീഡുണ്ടാകും. 5,000ത്തോളം വോട്ട് ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.

എം.എൻ. ഗോകുൽദാസ്

യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ.

വലിയ മുന്നേറ്റമുണ്ടാക്കും

കോങ്ങാട് നിയോജകമണ്ഡലത്തിൽ എൻ.ഡി.എ. വലിയ മുന്നേറ്റം നടത്തും. പറളി ഉൾപ്പെടെ ഏതാനും പഞ്ചായത്തുകളിൽ എൻ.ഡി.എ. ലീഡ് നേടും.

രവി അടിയത്ത്,

ബി.ജെ.പി. കോങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ്

ശുഭപ്രതീക്ഷ

എൽ.ഡി.എഫ്. തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. കെ. ശാന്തകുമാരി കുറഞ്ഞത് 20,000 വോട്ട് ഭൂരിപക്ഷം നേടും.

പി.എ. ഗോകുൽദാസ്

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ.