കോയമ്പത്തൂർ : ജില്ലയിലെ പത്ത് നിയോജക മണ്ഡലങ്ങളിലായി 68.32 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

കോയമ്പത്തൂർ ജില്ലയിലെ മൊത്തമുള്ള 30,82,028 വോട്ടർമാർ ഉള്ളതിൽ 21,05,672 വോട്ടർമാർ സമ്മതിദാനം വിനിയോഗിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് പൊള്ളാച്ചിയിലും കുറഞ്ഞത് കോയമ്പത്തൂർ നോർത്ത് മണ്ഡലത്തിലും ആണ്.

2016-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. മന്ത്രി എസ്.പി. വേലുമണി മത്സരിക്കുന്ന തൊണ്ടാമുത്തൂർ മണ്ഡലത്തിലാണ് ഇത്തവണ പോളിങ് കൂടിയത്.

2016-ൽ 66.96 ശതമാനം ഉണ്ടായിരുന്ന പോളിങ് ഇത്തവണ 71.04 ആയി ഉയർന്നത് എ.ഐ.എ.ഡി.എം.കെ., ഡി.എം.കെ. അണികൾക്കിടയിൽ ഒരുപോലെ ആശങ്കയുണ്ടാക്കുന്നുണ്ട്. കമലഹാസൻ മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിൽ പോളിങ് ശതമാനക്കണക്കിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. 2016-ൽ 61.91 ശതമാനം ഉണ്ടായിരുന്നത് 60.72 ആയി നേടിയ കുറവാണ് രേഖപ്പെടുത്തിയത്.

മേട്ടുപ്പാളയത്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ ഒരു ശതമാനം കൂടി 75.16 ആയി. പൊള്ളാച്ചിയിൽ ഇരു നിയമസഭാതിരഞ്ഞെടുപ്പ് കാലഘട്ടത്തിലും 77.31 മുതൽ 77.28 വരെ മാത്രമാണ് വോട്ടിങ് ശതമാനത്തിൽ വ്യതിയാനം ഉണ്ടായത്. വാൽപ്പാറയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാളും രണ്ട് ശതമാനം കുറഞ്ഞ് 70.1 ആയി. ജില്ലയിലെ 4,427 ബൂത്തുകളിലായി നടന്ന തിരഞ്ഞെടുപ്പിൽ മൊത്തം പോളിങ് 68.32 ആയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നേരിയ വർധനയാണ് രേഖപ്പെടുത്തിയത്.

തമിഴ്‌നാട്ടിൽ പൊതുവെ രണ്ടുശതമാനത്തോളം വോട്ടിങ് കുറഞ്ഞതായാണ് കണക്കാക്കുന്നത്.