ഒറ്റപ്പാലം : നിയോജകമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കനത്ത സുരക്ഷയേർപ്പെടുത്തി സ്‌ട്രോങ് റൂമിലേക്ക് മാറ്റി.

312 യന്ത്രങ്ങളാണ് മൂന്നുഘട്ട സുരക്ഷയൊരുക്കി ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയ്‌നിങ് കോളേജിലെ ഒന്നാംനിലയിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്.

സ്‌ട്രോങ് റൂമിനടുത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സും കോളേജ് പരിസരം പോലീസ് ആംഡ് ഫോഴ്‌സും കോളേജിനുചുറ്റും പോലീസിന്റെതന്നെ ഫ്‌ളയിങ് സ്‌ക്വാഡുമുള്ള നിലയിലാണ് സുരക്ഷ.

ബി.എസ്.എഫിന്റെ 25 പേരടങ്ങുന്ന സംഘമാണ് സുരക്ഷയ്‌ക്കുള്ളത്. അസി. കമാൻഡന്റിനാണ് ചുമതല. ഒപ്പം 12 സുരക്ഷ സി.സി.ടി.വി. ക്യാമറകളും വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും ക്യാമറദൃശ്യങ്ങൾ നിരീക്ഷിക്കും.

എല്ലാദിവസവും വരണാധികാരിയോ ഉപ വരണാധികാരിയോ സ്ഥലം സന്ദർശിക്കും. ആദ്യദിവസത്തെ സുരക്ഷാകാര്യങ്ങൾ വരണാധികാരിയായ ഒറ്റപ്പാലം സബ് കളക്ടർ അർജുൻപാണ്ഡ്യൻ പരിശോധിച്ചു. ഫലപ്രഖ്യാപന ദിവസംവരെ യന്ത്രങ്ങൾ ഇവിടെ സൂക്ഷിക്കും.