പാലക്കാട് : മുതിർന്നവർക്ക് തിരഞ്ഞെടുപ്പുചൂടൊഴിയുമ്പോഴേക്കും കുട്ടികൾക്ക് വ്യാഴാഴ്ച പരീക്ഷാച്ചൂട് തുടങ്ങുന്നു. ഇത്തവണത്തെ പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകൾ വ്യാഴാഴ്ച തുടങ്ങും. വർഷംമുഴുവൻ നീണ്ടുനിന്ന ക്ലാസുകളും ട്യൂഷനും തിരക്കിട്ട യാത്രകളുമില്ലാതിരുന്ന ഒരു അധ്യയനവർഷത്തിന് ശേഷമാണ് കുട്ടികൾ പരീക്ഷാഹാളിലെത്തുന്നത്.

ചൊവ്വാഴ്ച പോളിങ് ബൂത്തുകളായിരുന്ന സ്കൂളുകളിലെല്ലാം ബുധനാഴ്ച എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയ്‌ക്കായുള്ള ഒരുക്കങ്ങൾക്ക്‌ നെട്ടോട്ടമായിരുന്നു. കോവിഡ് മാനദണ്ഡപ്രകാരം പരീക്ഷാഹാളുകൾ സജ്ജീകരിക്കണം, ക്ലാസ്മുറികൾ അണുവിമുക്തമാക്കണം, സാനിറ്റൈസർസൗകര്യമൊരുക്കണം... തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന അധ്യാപകർക്ക് തൊട്ടടുത്ത ദിവസംതന്നെ തിരക്കിട്ട നിമിഷങ്ങളായിരുന്നു സ്കൂളുകളിൽ. മാർച്ചിൽ നടത്താനിരുന്ന പരീക്ഷയാണ് തിരഞ്ഞെടുപ്പിനെ ത്തുടർന്ന് ഏപ്രിൽ എട്ടിലേക്ക് മാറ്റിയത്.

കോവിഡ് കാലത്ത് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് പരീക്ഷകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ്. ഭൂരിഭാഗം സ്കൂളുകളിലും അഗ്നിരക്ഷാസേനതന്നെ നേരിട്ടെത്തി അണുവിമുക്തമാക്കി. ബാക്കിയുള്ളവ സ്കൂൾ അധികൃതരും അണുവിമുക്തമാക്കാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.

എസ്.എസ്.എൽ.സി.ക്ക് 39100 പേർ, പ്ലസ് ടു വിന് 31352പേർ

:ജില്ലയിലെ മൂന്ന് വിദ്യാഭ്യാസജില്ലകളിലെ 196 സ്കൂളുകളിലായി 39,100 വിദ്യാർഥികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40-ന് പരീക്ഷ തുടങ്ങും.

വ്യാഴം, വെള്ളി ദിവസങ്ങളിലും 12-ാം തീയതിയും ഉച്ചയ്ക്കും 15, 19, 21, 23, 27, 29 തീയതികളിൽ രാവിലെയും എസ്.എസ്.എൽ.സി. പരീക്ഷ നടക്കും. ജില്ലയിലെ 146 സ്കൂളുകളിലായി 31,352 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷക്കെത്തുന്നത്. പ്ലസ് ടു പരീക്ഷകൾ രാവിലെ 9.45-ന് തുടങ്ങും.

1,020 അധ്യാപകർ ഹയർസെക്കൻഡറി പരീക്ഷാ മേൽനോട്ടത്തിനുണ്ടാവും. 2,000 ത്തോളം അധ്യാപകർ പത്താംക്ലാസ് പരീക്ഷാ ഹാളുകളിലുമുണ്ടാവും.

സ്കൂളുകളിൽ ഇതൊക്കെ വേണം

പരീക്ഷാഹാളുകൾ പരീക്ഷയ്ക്കുമുമ്പ് അണുവിമുക്തമാക്കുക.

സ്കൂളുകളിൽ പരീക്ഷക്കെത്തുന്ന വിദ്യാർഥികൾക്ക് കൈ കഴുകുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള സൗകര്യം.

എല്ലാ വിദ്യാർഥികളും മുഖാവരണം ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

‍സാമൂഹിക അകലം പാലിച്ച് പരീക്ഷയെഴുതാൻ സാധിക്കുന്നവിധത്തിൽ ഇരിപ്പിടങ്ങൾ.

കോവിഡ് ബാധിതരായ വിദ്യാർഥികൾക്കും കോവിഡ് ബാധിതരുള്ള വീടുകളിൽനിന്നുവരുന്ന വിദ്യാർഥികൾക്കും പരീക്ഷയെഴുതുന്നതിനായി പ്രത്യേകം മുറി.

പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തെർമൽസ്കാനർ ഉപയോഗിച്ച് വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധന.

വിദ്യാർഥികൾക്കുള്ള നിർദേശങ്ങൾ

സ്കൂളിൽ പ്രവേശിക്കുമ്പോൾ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾ നിർബന്ധമായും മുഖാവരണം ധരിക്കണം.

പരീക്ഷ അവസാനിച്ചതിനുശേഷം സ്കൂളിൽ അനാവശ്യമായി കൂടിനിൽക്കരുത്.

ഭക്ഷണപദാർത്ഥങ്ങൾ കഴിവതും പങ്കുവെച്ച് കഴിക്കരുത്.