നെന്മാറ : നെന്മാറ-എലവഞ്ചേരി പഞ്ചായത്തതിർത്തിയിലുള്ള എലന്തക്കൊളുമ്പിൽ കുടിവെള്ളത്തിന് പരക്കംപായുന്നു. നിലവിലുള്ള 12 കിണറുകളിലെയും വെള്ളംവറ്റാൻ തുടങ്ങിയതോടെ കുടിവെള്ളപ്രശ്നം തുടങ്ങി. സമീപത്തെ സ്വകാര്യ കുഴൽക്കിണറാണ് പ്രദേശവാസികളുടെ ഇപ്പോഴത്തെ ആശ്രയം.

2017-ൽ ആരംഭിച്ച കൊളുമ്പ് കുടിവെള്ളപദ്ധതിയുടെ പ്രവർത്തനം മുടങ്ങിയതോടെ പ്രതിസന്ധിയിലായി. അഞ്ചുലക്ഷംരൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.

ആദ്യഘട്ടത്തിൽ കുഴൽക്കിണറും മോട്ടോറും ഷെഡ്‌ഡുമൊരുക്കി. തുടർന്ന് 1.30 കിലോമീറ്റർ പൈപ്പിട്ടു. ബാക്കിയുള്ള 80 മീറ്റർ പൈപ്പിടൽ മുടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാക്കാനായില്ല.

ഇതോടെ 32 കുടുംബങ്ങൾക്ക് കുടിവെള്ളപ്രശ്നം നേരിടേണ്ടിവന്നു. മറ്റ്‌ കുടിവെള്ളസൗകര്യമൊന്നും ഇവിടെയില്ല. കൊളുമ്പ്, മേനോത്തോരം, കൊടുവാൾപ്പാറ എന്നീ പ്രദേശങ്ങളും ഉൾപ്പെടും. തികച്ചും മലയോരമേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണിവ.

കുടിവെള്ളപദ്ധതിയുടെ പണി ഉടൻ പൂർത്തിയാക്കാൻ എലവഞ്ചേരി പഞ്ചായത്ത് രണ്ടുമാസംമുമ്പ് നടപടിയെടുത്തെങ്കിലും ഇതുവരെ തുടങ്ങിയില്ല.