കുമരംപുത്തൂർ : ഇതാണ് നരകത്തിലേക്കുള്ള വഴി. ഇതിലൂടെ യാത്രചെയ്താൽ പാതാളംവഴി യമപുരിയിലെത്താം. ഗർഭിണികൾ സൂക്ഷിക്കുക. അല്ലെങ്കിൽ ചെലവില്ലാതെ പ്രസവിക്കാം. കുമരംപുത്തൂർ പഞ്ചായത്തിലെ എം.ഇ.എസ്. കോളേജ് -പയ്യനെടം റോഡിൽ പലേടത്തും ഇത്തരം വാക്കുകൾ എഴുതി ബോർഡുകളും കട്ടൗട്ടുകളും കാണാം.

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് മടുത്ത പ്രദേശവാസികളാണ് ഇത്തരം വ്യത്യസ്ത സമരരീതിയുമായി രംഗത്തെത്തിയത്. എന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ല. ഈ തിരഞ്ഞെടുപ്പിൽ മൂന്ന്‌ മുന്നണികളിൽ അര്‌ ജയിച്ചാലും റോഡ് " ഇപ്പ ശരിയാക്കിത്തരാം" എന്ന മട്ടിലാണ്.

പുതിയ റോഡിനായി പയ്യനെടം നിവാസികളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ടുവർഷത്തോളമാകുന്നു. ഇതുവരെയായി നടപടിയായില്ല. 16.5 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമാണം ആരംഭിച്ച റോഡുപണി നിലച്ചിട്ട് ഒരുവർഷത്തോളമായി. റോഡ് നിർമാണത്തിൽ അഴിമതിയാരോപണത്തെത്തുടർന്നാണ് കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയത്. ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്ന് പണി പുനരാരംഭിച്ചെങ്കിലും വീണ്ടും നിർത്തി.

റോഡിലൂടെയുള്ള യാത്ര വെല്ലുവിളിനിറഞ്ഞതാണ്. റോഡിലുടനീളം വലിയ കുഴികൾ. മഴവെള്ളച്ചാലുകളുടെ നിർമാണവും പാതിവഴിയിൽ. പലഭാഗത്തും റോഡ് പൊളിച്ചിട്ടിരിക്കുന്നു. മഴപെയ്താലും വെയിൽവന്നാലും നാട്ടുകാർക്ക് ദുരിതംതന്നെ. മീൻ പിടിക്കുന്ന ആളുടെ വ്യത്യസ്തകോലം നിർമിച്ച് റോഡിൽെവച്ച് പ്രതിഷേധിച്ചിരുന്നു.

തകർന്നറോഡിലെ കുഴികളിൽ ചൂണ്ടയിട്ടും വാഴനട്ടും മീൻപിടിച്ചും പിന്നീട് പ്രതിഷേധം. എന്നിട്ടും അധികൃതരുടെ കണ്ണുതുറന്നില്ല. പ്രതിഷേധിച്ച് മടുത്തപ്പോൾ സമൂഹമാധ്യമങ്ങളിലെ ട്രോളുകളിലൂടെയായി പ്രതിഷേധം.