കോയമ്പത്തൂർ : സ്മാർട്ട്‌സിറ്റി പദ്ധതിയിൽ നവീകരിച്ച കോയമ്പത്തൂരിലെ പെരിയകുളം തടാകം നഗരവാസികളുടെ സായാഹ്നസങ്കേതവും സന്ദർശകരുടെ ആകർഷകകേന്ദ്രവുമാകുന്നു. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ 4,000-ത്തോളം പേർ ഇവിടെ എത്തുന്നുണ്ട്. ഇത് വാരാന്ത്യമാകുന്പോൾ അയ്യായിരംമുതൽ ഏഴായിരംവരെ ആളുകൾ എത്തുമെന്ന്‌ കോയമ്പത്തൂർ സ്മാർട്ട്‌ സിറ്റി ലിമിറ്റഡ്‌ അധികൃതർ അറിയിച്ചു.

നവീകരണപദ്ധതി പൂർത്തിയാക്കുന്നതിന്‌ മുമ്പുള്ളതാണ്‌ ഈ സ്ഥിതിവിവരം. തടാക ബണ്ടുകൾ സെൽഫിസ്പോട്ട്‌ എന്ന നിലയിലാണ്‌ അറിയപ്പെടുന്നത്‌. ‘ഐ ലൗവ്‌ കോവൈ’ എന്ന സെൽഫിസ്പോട്ടിന്റെ പിന്നാമ്പുറത്ത്‌ നിറപ്പകിട്ടാർന്ന വൈദ്യുതാലങ്കാരവും തെളിയും. അലങ്കാരസസ്യങ്ങൾ തടാകതീരത്ത്‌ വെച്ചുപിടിപ്പിച്ച്‌ കമനീയമാക്കിയിട്ടുണ്ട്‌.

തടാകംബണ്ടിൽനിന്ന്‌ മറുപുറംകടക്കാൻ പാലം പണിതിട്ടുണ്ട്‌. നടപ്പാത, സൈക്കിൾസവാരി, ട്രാക്ക്‌, എന്നിവയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

കോയമ്പത്തൂർ നഗരകവാടമായി അറിയപ്പെടുന്ന ഉക്കടത്ത്‌ സ്മാർട്ട്‌സിറ്റി പദ്ധതിക്ക്‌ കീഴിൽ പണിത തടാകബണ്ടുകളാണുള്ളത്. നഗരത്തിലെ സ്മാർട്ട്‌ സിറ്റി പദ്ധതിയിലെ മറ്റ് നവീകരണപദ്ധതികൾ പൂർത്തിയാക്കുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടാകുമെന്ന് കോയമ്പത്തൂർ സ്മാർട്ട്‌സിറ്റി ലിമിറ്റഡ്‌ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജ്‌കുമാർ പറഞ്ഞു. കുട്ടികളുൾപ്പെടെ എല്ലാവിഭാഗങ്ങളുടെയും വിനോദം ലക്ഷ്യമാക്കിയാണ്‌ വരണ്ടനഗരമായ കോയമ്പത്തൂരിനെ തടാകങ്ങളുടെ നഗരമാക്കി നവീകരിക്കുന്നതെന്ന്‌ രാജ്‌കുമാർ പറഞ്ഞു.