ഷൊർണൂർ : നിയോജകമണ്ഡലത്തിൽ ഇടതുപക്ഷത്തിന് ചരിത്രനേട്ടത്തോടൊപ്പം കോട്ടകളുറപ്പിച്ച മുന്നേറ്റവും. കഴിഞ്ഞ തവണ യു.ഡി.എഫ്. ഭരിച്ചിരുന്ന ചെർപ്പുളശ്ശേരി നഗരസഭയിലുൾപ്പെടെ ഇടതുപക്ഷം മുന്നേറ്റംനടത്തി. നേട്ടമുണ്ടാകുമെന്ന് യു.ഡി.എഫ്. പ്രതീക്ഷിച്ചിരുന്ന നെല്ലായ, അനങ്ങനടി പഞ്ചായത്തുകളും എൽ.ഡി.എഫ്. വിട്ടുകൊടുക്കാതെ മുന്നേറി. വോട്ടെണ്ണലിന്റെ ആദ്യവസാനംവരെ പി. മമ്മിക്കുട്ടി ലീഡുയർത്തിയാണ് ചരിത്രനേട്ടത്തിലേക്കെത്തിയത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 46,856 വോട്ട് നേടിയ യു.ഡി.എഫിന് ഇത്തവണ അതിനടുത്തെത്താൻ പോലുമായില്ല. 37,726 വോട്ടാണ് യു.ഡി.എഫ്. സ്ഥാനാർഥി ടി.എച്ച്. ഫിറോസ് ബാബുവിന് ലഭിച്ചത്.

അതേസമയം, എൻ.ഡി.എ.യ്ക്ക് മണ്ഡലത്തിൽ വോട്ടുനേട്ടമുണ്ടായി. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ നേടിയ 31,765 വോട്ടിനേക്കാൾ 5,208 വോട്ട് അധികംനേടി. 36,973 വോട്ട് നേടിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഭരിക്കുന്നത് ഇടതുപക്ഷമാണെന്നതിനാൽ വോട്ടുവിഹിതം അവർക്കായിരിക്കും കൂടുതലുണ്ടാവുക എന്നാണ് യു.ഡി.എഫ്., എൻ.ഡി.എ. നേതൃത്വത്തിന്റെ പ്രതികരണം. എന്നാൽ, ഇത്തവണ വിജയിച്ചില്ലെങ്കിൽ രണ്ടാംസ്ഥാനത്തെത്തുമെന്നായിരുന്നു എൻ.ഡി.എ. കേന്ദ്രങ്ങളിലെ വിശ്വാസം. അത് നഷ്ടപ്പെട്ടത് കേവലം 753 വോട്ടിന്റെ വ്യത്യാസത്തിലാണ്.

അൽപ്പമെങ്കിലും യു.ഡി.എഫിന് ആശ്വസിക്കാവുന്ന നേട്ടം നൽകിയത് ചെർപ്പുളശ്ശേരിയും നെല്ലായയുമാണ്. ചെർപ്പുളശ്ശേരിയിൽ 7,214ഉം നെല്ലായയിൽ 7,319 വോട്ടും ലഭിച്ചു. മറ്റൊരിടത്തും ആറായിരത്തിന് മുകളിലെത്താനായില്ല. അതേസമയം, എൻ.ഡി.എ. ഷൊർണൂരിൽ 8,886ഉം വാണിയംകുളത്ത് 7,155 വോട്ടും നേടി. വെള്ളിനേഴിയിലും തൃക്കടീരിയും രണ്ടാംസ്ഥാനത്ത്‌ എൻ.ഡി.എ.യാണ്. എട്ടിടത്തും യു.ഡി.എഫിനും എൻ.ഡി.എ.ക്കും എൽ.ഡി.എഫിനേക്കാൾ വോട്ട് നേടാനായില്ലെന്നതും ശ്രദ്ധേയമാണ്.

1,759 തപാൽവോട്ട് നേടിയ മമ്മിക്കുട്ടിതന്നെ മുന്നിൽ. യു.ഡി.എഫ്. സ്ഥാനാർഥി ടി.എച്ച്. ഫിറോസ് ബാബു 786ഉം എൻ.ഡി.എ. സ്ഥാനാർഥി സന്ദീപ് ജി.വാര്യർ 656ഉം തപാൽ വോട്ട്‌ നേടി. 10 തപാൽവോട്ടുൾപ്പെടെ നോട്ടയ്ക്ക് ലഭിച്ചത് 678 വോട്ടാണ്. ഇതുൾപ്പെടെ മണ്ഡലത്തിൽ 1,52,171 പേർ വോട്ട് രേഖപ്പെടുത്തി.

സംഘടനാശേഷികുറഞ്ഞിടത്ത് വോട്ട് കുറഞ്ഞു

സംസ്ഥാനത്ത് ഇടതുപക്ഷത്തിനനുകൂലമായുണ്ടായ സാഹചര്യം മണ്ഡലത്തിൽ പ്രതിഫലിച്ചു. മാത്രമല്ല, രണ്ട് ന്യൂനപക്ഷ സ്ഥാനാർഥികളായത് എൻ.ഡി.എ. സ്ഥാനാർഥി മുതലെടുത്തു. അടിത്തട്ടിൽ സംഘടനാശേഷി കുറഞ്ഞ സ്ഥലങ്ങളിൽ വോട്ട് ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇതെല്ലാമാണ് ഇത്തവണ വോട്ട് കുറയാൻ കാരണമായത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ സജീവമായി മണ്ഡലത്തിൽ പ്രവർത്തിക്കും.

ടി.എച്ച്. ഫിറോസ് ബാബു, യു.ഡി.എഫ്. സ്ഥാനാർഥി