തൃത്താല : വേനൽച്ചൂടിൽ നീരൊഴുക്ക് നിലച്ചുകിടക്കുകയാണ് വെള്ളിയാംകല്ല് തടയണ. പരമാവധി മൂന്നരമീറ്റർ സംഭരണശേഷിയുള്ള തടയണയിലെ നിലവിലെ ജലനിരപ്പ് കേവലം പത്ത് സെൻറീമീറ്റർ മാത്രം. തടയണയിൽനിന്നുള്ള കുടിവെള്ളവിതരണത്തെപ്പോലും ആശങ്കയിലാഴ്ത്തി പുഴ വരളുകയാണ്.

പട്ടാമ്പി താലൂക്കിലെ എട്ട് പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലയിലെ ചാവക്കാട്, കുന്നംകുളം, ഗുരുവായൂർ നഗരസഭകൾ, അഞ്ച്‌ പഞ്ചായത്തുകൾ എന്നിവയുടെയെല്ലാം കുടിവെള്ളവിതരണസ്രോതസ്സാണ് വറ്റുന്നത്. തടയണ വറ്റിയതോടെ തൃത്താല മേഖലയിലെ ഉയർന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ഗ്രാമീണമേഖലകളിലെല്ലാം ആളുകൾ ലോറികളിലെത്തിക്കുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.

തടയണ വറ്റിയതോടെ തൃത്താല ജല അതോറിറ്റിക്ക് കീഴിലെ തൃത്താല, തിരുമിറ്റക്കോട്‌, നാഗലശ്ശേരി, ചാലിശ്ശേരി, പട്ടിത്തറ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം ഭാഗികമായാണ് ഇപ്പോൾ നടക്കുന്നത്. പലയിടങ്ങളിലും പൈപ്പ് വെള്ളം എത്താൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. മലമ്പുഴ ഡാമിൽനിന്ന്‌ വെള്ളമെത്തിയാലേ ജലവിതരണം സാധാരണഗതിയിലാവൂയെന്നാണ് ജല അതോറിറ്റി വകുപ്പധികൃതർ പറയുന്നത്.

ഭാരതപ്പുഴയോരത്തെ കുടിവെള്ളപദ്ധതികൾക്കായി മലമ്പുഴ വെള്ളം തുറന്നുവിട്ടിട്ടുണ്ട്. സെക്കൻഡിൽ 250 ക്യുസെക്സ് വെള്ളം തുടർച്ചയായുള്ള പത്ത് ദിവസങ്ങളിൽ ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടും. എന്നാൽ, ഒറ്റപ്പാലം, ഷൊർണൂർ ഭാഗങ്ങളിലുള്ള തടയണകൾ നിറഞ്ഞശേഷം മാത്രമേ മലമ്പുഴ വെള്ളം തൃത്താലയിലേക്ക് ഒഴുകിയെത്തൂ. ഇത്തരത്തിൽ മലമ്പുഴവെള്ളം തൃത്താലയിലെത്താൻ ഒരാഴ്ചയിലേറെ സമയമെടുക്കുമെന്നതും ആശങ്ക വർദ്ധിപ്പിക്കുകയാണ്.കുടിവെള്ളക്ഷാമം വരുമെന്ന ആശങ്ക

ശക്തമായ വേനൽമഴയോ മലമ്പുഴ വെള്ളമോ എത്തിയില്ലെങ്കിൽ തടയണ ഏതാനും ദിവസങ്ങൾക്കകം പൂർണമായും വറ്റും. അതിരൂക്ഷ കുടിവെള്ളക്ഷാമം അനുഭവപ്പെടുമോയെന്ന ആശങ്കയിലാണ് നാട്

- കെ. ആശ, പരുതൂർ, വീട്ടമ്മ.

മലമ്പുഴ വെള്ളം എത്തുമെന്ന പ്രതീക്ഷ .

പുഴ പൂർണമായും വറ്റി. മലമ്പുഴവെള്ളം എത്തുമോയെന്ന പ്രതീക്ഷയിലാണ്. അതിശക്തമായ വേനൽമഴ ലഭിച്ചാലും താത്‌കാലികാശ്വാസമാവും

- ഇ.പി. വിജയൻ, വെള്ളിയാങ്കല്ല്