പാലക്കാട് : ഫുട്ബോളിൽ പുതിയ താരങ്ങളെ കണ്ടെത്താനും പരിശീലനത്തിനുമായി അന്താരാഷ്ട്ര നിലവാരത്തിൽ അക്കാദമി ഒരുങ്ങി. പട്ടാമ്പി കൊപ്പത്ത് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആൾട്ടിയസ് ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ (ഐഫ) ഉദ്ഘാടനം 24-ന് നടക്കും. സി ലെവൽ ഫുട്ബോൾ പരിശീലകനും കായികാധ്യാപകനുമായ സി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഫുട്ബോൾ താരങ്ങളും ഫുട്ബോൾ പ്രേമികളുമായ 35 പേർ ചേർന്നാണ് കൊപ്പത്തെ അഞ്ചേക്കറിൽ അക്കാദമി ഒരുക്കിയത്. നൂറ്‌ കുട്ടികൾക്ക് താമസിച്ച് പഠിക്കാവുന്ന ഐഫയിൽ അഞ്ചുമുതൽ 16 വയസ്സുവരെയുള്ളവർക്കാണ് പ്രവേശനം. യൂത്ത് ലീഗുകളിലെ അണ്ടർ 13, 15, 18 മത്സരങ്ങളിലൂടെ അന്തർദേശീയ മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ഒരുലക്ഷത്തിൽ കൂടുതൽ ചതുരശ്രയടിയിൽ മൂന്ന് ഫുട്ബോൾ മൈതാനങ്ങൾ, പന്ത്രണ്ടായിരം ചതുരശ്രയടിയിൽ ഹോസ്റ്റൽ സൗകര്യം, അന്തർദേശീയ നിലവാരമുള്ള ജിംനേഷ്യം, യോഗാ സെന്റർ, ഡ്രെസ്സിങ് റൂം, സെമിനാർ ഹാൾ, ലൈബ്രറി, പഠനമുറികൾ എന്നീ സൗകര്യങ്ങളുണ്ടെന്ന് അക്കാദമി പ്രസിഡന്റ് എൻ. മുഹമ്മദ് ഇക്ബാൽ, ജോ. സെക്രട്ടറി അഭിലാഷ് ഗോപിനാഥൻ, പരിശീലകൻ ഹക്കീം എന്നിവർ പറഞ്ഞു. അന്തർദേശീയ പരിശീലകർ വിദ്യാർഥികളെ പരിശീലിപ്പിക്കും. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ സിലബസ് അനുസരിച്ചാണ് പരിശീലനം. സ്കൂൾ പഠനസൗകര്യം സമീപത്തെ രണ്ട് വിദ്യാലയങ്ങളിൽ ഒരുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. രണ്ടരലക്ഷം രൂപയാണ് വാർഷിക ഫീസ്.

ഉദ്ഘാടനത്തിന്‌ മുന്നോടിയായി റെസിഡൻഷ്യൽ ബാച്ചിലേക്ക് ഫുട്ബോൾ പ്രതിഭകളെ തിരഞ്ഞെടുക്കും. അണ്ടർ 13, 15, 18 ബാച്ചുകളിലേക്കുള്ള സെലക്ഷൻ ട്രയൽ യഥാക്രമം മാർച്ച് 14, ഏപ്രിൽ മൂന്ന്, നാല് തീയതികളിൽ ഐഫ അക്കാദമിയിൽ നടക്കും. താത്പര്യമുള്ളവർ www.aifainstitutee.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.