പാലക്കാട് : കോവിഡ് പ്രതിരോധ കുത്തിവെപ്പുകേന്ദ്രമായിരുന്ന സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വെള്ളിയാഴ്ച കുത്തിവെപ്പെടുക്കാനെത്തിയ 60 വയസ്സിന് മുകളിലുള്ളവർക്കും 45-59 വരെ പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതർക്കും കുത്തിവെപ്പെടുക്കാൻ സാധിച്ചില്ലെന്ന് പരാതി.

വെള്ളിയാഴ്ച ആരോഗ്യവകുപ്പ് നൽകിയിരുന്ന കുത്തിവെപ്പുകേന്ദ്രങ്ങളുടെ പട്ടികയിൽ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളുമുണ്ടായിരുന്നു. മേലാമുറി സി.എച്ച്.സി.ക്ക്‌ പകരമായാണ് വെള്ളിയാഴ്ച സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ കുത്തിവെപ്പ് നടത്തിയത്. അതിനാൽ, അവിടെയെത്തുന്നവർക്ക് കുത്തിവെപ്പ് സൗജന്യമായിരുന്നു. 60 വയസ്സിനു മുകളിലുള്ളവരായിരുന്നു വെള്ളിയാഴ്ച ഇവിടെ കുത്തിവെപ്പെടുക്കാൻ എത്തിയവരിൽ ഭൂരിഭാഗവും.

രാവിലെമുതൽ വരിനിന്നെങ്കിലും പത്തുമണിക്കുശേഷമാണ് കുത്തിവെപ്പെടുക്കാൻ ആരംഭിച്ചത്. രണ്ടാംഡോസ് സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകർ, ഒന്നാംഡോസ് സ്വീകരിക്കുന്ന മുന്നണിപ്പോരാളികൾ, 60 വയസ്സിന് മുകളിലുള്ളവർ എന്നിവർ ഒരുമിച്ചാണ് വരി നിന്നിരുന്നതെങ്കിലും പിന്നീട് ഇവരോട് പ്രത്യേകം വരികളായി നിൽക്കാൻ ആവശ്യപ്പെട്ടു.

എന്നാൽ, ഒരുപാടുനേരം കാത്തുനിന്നിട്ടും കുത്തിവെപ്പെടുക്കാൻ വിളിച്ചില്ലെന്നും പിന്നീട് അധികൃതരോട് ചോദിച്ചപ്പോൾ മുന്നണിപ്പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമാണ് കുത്തിവെപ്പ് നൽകുന്നതെന്ന മറുപടിയാണ് ലഭിച്ചത്. അതിനാൽ, എല്ലാവരും തിരികെപ്പോയെന്നും ഇവിടെയെത്തിയ 60 വയസ്സിനു മുകളിലുള്ള ചിലർ പറഞ്ഞു. പിന്നീട് ഇവരിൽ പലരും പാലക്കാട് ട്രിനിറ്റി ആശുപത്രിയിലെത്തിയാണ് കുത്തിവെപ്പടുത്തത്. സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വെള്ളിയാഴ്ച തിരക്ക് കൂടുതലായിരുന്നതിനാൽ പോലീസിന്റെ സഹായം തേടിയിരുന്നു. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കുമൊപ്പം 60 വയസ്സിന് മുകളിലുള്ളവർ, 45-59 പ്രായപരിധിയിലുള്ള ഗുരുതര രോഗമുള്ളവർ എന്നിവർക്കും കുത്തിവെപ്പെടുത്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.