പാലക്കാട് : നിയമസഭാതിരഞ്ഞെടുപ്പിന്റെ ആവേശം തണുക്കുംമുമ്പേ ജില്ലയിൽ വീണ്ടും മറ്റൊരങ്കത്തിന് കളമൊരുങ്ങുന്നു. ജില്ലയിൽ ഒഴിവുവന്നിട്ടുള്ള ആറ് തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഉപതിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ആ പഞ്ചായത്ത് ഭരണത്തെ അട്ടിമറിക്കാനിടയില്ലെങ്കിലും വാർഡിലെ വിജയം മുന്നണികൾക്ക് പ്രധാനമാണ്.

പാലക്കാട് ജില്ലാപഞ്ചായത്തിലെ ശ്രീകൃഷ്ണപുരം ഡിവിഷൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിലെ ചുങ്കമന്ദം ഡിവിഷൻ, തരൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡ് തോട്ടുമ്പള്ള, എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാർഡ് മൂങ്കിൽമട, എരിമയൂർ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡ് അരിയക്കോട്, ഓങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡ് കർക്കിടകച്ചാൽ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ശ്രീകൃഷ്ണപുരം ജില്ലാപഞ്ചായത്ത് ഡിവിഷൻ

: ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. സി.പി.എമ്മിലെ കെ. ശ്രീധരനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. കോൺഗ്രസിലെ പി. ഗിരീശൻ യു.ഡി.എഫിനുവേണ്ടിയും ബി.ജെ.പി.യിലെ കെ.വി. ജയൻ എൻ.ഡി.എ.യ്ക്കുവേണ്ടിയും മത്സരിക്കുന്നു. കെ. പ്രേംകുമാർ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ജില്ലാപഞ്ചായത്ത് അംഗത്വം രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ്.

തരൂരിൽ ത്രികോണമത്സരം

: തരൂർ ഗ്രാമപ്പഞ്ചായത്ത് തോട്ടുമ്പള്ള ഒന്നാം വാർഡിൽ ത്രികോണമത്സരം. സി.പി.എമ്മിലെ എം. സന്ധ്യ, കോൺഗ്രസിലെ ഷീജ ശങ്കരൻകുട്ടി, ബി.ജെ.പിയിലെ എസ്. രമ എന്നിവരാണ് സ്ഥാനാർഥികൾ. സി.പി.എമ്മിലെ പ്രീതയുടെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

ചുങ്കമന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ

: കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ച ഇ. ഹരിദാസിന്റെ നിര്യാണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. മാത്തൂർ ലോക്കൽ കമ്മിറ്റി അംഗവും നിർമ്മാണത്തൊഴിലാളി പഞ്ചായത്ത് സെക്രട്ടറിയുമായ സി. സോമദാസനാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. സി.എം.പി. പാലക്കാട് ജില്ലാസെക്രട്ടറി പി. കലാധരനാണ് യു.ഡി.എഫ് സ്ഥാനാർഥി. കെ. ബിനോജാണ് ബി.ജെ.പി. സ്ഥാനാർഥി.

എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്ത്

: ഏഴാം വാർഡ് മൂങ്കിൽമടയിൽ ആർ. രമേഷ് കുമാറാണ് എൽ.ഡി.എഫ്. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥിയായി രാമരാജ്, ബി.ജെ.പി. സ്ഥാനാർഥിയായി എൻ. നാഗമുത്തു (ബാബു) എന്നിവരാണ് കളത്തിലുള്ളത്. കഴിഞ്ഞ തവണ സി.പി.എം സ്ഥാനാർഥിയായി വിജയിച്ച തങ്കരാജിന്റെ വിയോഗത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.

എരിമയൂരിൽ വിമതർ പ്രതിസന്ധി

: എരിമയൂർ ഗ്രാമപ്പഞ്ചായത്ത് അരിയക്കോട് ഒന്നാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും വിമതരുണ്ട്. എൽ.ഡി.എഫിന്റെ ഔദ്യോഗികസ്ഥാനാർഥി സി.പി.ഐ.യിലെ ആർ. മോഹനകൃഷ്ണനെതിരേ സി.പി.എം. അരിയക്കോട് ബ്രാഞ്ചംഗം അമീർ നൽകിയ പത്രിക പിൻവലിച്ചിട്ടില്ല. കോൺഗ്രസിലെ സി. കുട്ടനാണ് യു.ഡി.എഫ്. സ്ഥാനാർഥി. ഇദ്ദേഹത്തിനെതിരേ മുൻ ഗ്രാമപ്പഞ്ചായത്തംഗവും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ കെ. സുരേഷും കോൺഗ്രസ് പ്രവർത്തകനായ റഫീക്കും മത്സരരംഗത്തുണ്ട്. കെ. സനലാണ് ബി.ജെ.പി. സ്ഥാനാർഥി. യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന വി.കെ. കൃഷ്ണമോഹൻ രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.

ഓങ്ങല്ലൂർ നിർണായകം

: ഓങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാംവാർഡ് കർക്കിടകച്ചാലിലെ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി കെ. അശോകനും യു.ഡി.എഫ്. സ്ഥാനാർഥിയായി ടി.കെ. നാരായണനും ബി.ജെ.പി. സ്ഥാനാർഥിയായി സി.കെ. ശങ്കുരാജുമാണ് മത്സരിക്കുന്നത്.

വൈസ് പ്രസിഡന്റും സി.പി.എം അംഗവുമായിരുന്ന പി. ഉണ്ണിക്കൃഷ്ണന്റെ വിയോഗത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. ആകെയുള്ള 22 വാർഡുകളിൽ എൽ.ഡി.എഫിന് 10 വാർഡുകളുണ്ടായിരുന്നു. യു.ഡി.എഫിന് ഒമ്പത്‌ വാർഡുകളുമാണുള്ളത്. ഇതിനാൽ തിരഞ്ഞെടുപ്പുഫലം നിർണായകമാകും.