കൂറ്റനാട് : ദിവസേന നിരവധിപേർ ബസ് കയറാനെത്തുന്ന പെരിങ്ങോട് സെന്ററിൽ കാത്തിരിപ്പുകേന്ദ്രം വേണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. പെരിങ്ങോട് താഴത്തെ സെന്ററിലാണ് ഏറെ ദുരിതം. പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലേക്ക് പോകേണ്ട കോതച്ചിറ, മൂളിപ്പറമ്പ്, ആമക്കാവ്, ആലിക്കര, ചാലിശ്ശേരി പ്രദേശത്തുകാർക്ക് പെരിങ്ങോട് താഴത്തെ സെന്ററിൽ വന്നാൽ ബസ് കാത്തിരിപ്പുകേന്ദ്രമോ കയറിനിൽക്കാനുള്ള ഇടമോ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.

വിദ്യാർഥികളും സ്ത്രീകളും വയോജനങ്ങളും കുട്ടികളുമെല്ലാം മഴയായാലും വെയിലായാലും റോഡിൽ നിൽക്കണം. പെരിങ്ങോട് താഴത്തെ സെന്ററിൽ ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലംതന്നെ വളരെ പരിമിതമാണ്. ഇതിനിടയിൽ

ബസ്സുകാത്ത് നില്പുകാരുടെ പ്രശ്‌നംകൂടി ചേരുമ്പോൾ മിക്കദിവസങ്ങളിലും പെരിങ്ങോട് താഴത്തെ സെന്ററിൽ

തിരക്കോടുതിരക്ക് തന്നെ. ഹയർസെക്കൻഡറി സ്‌കൂൾ, എൽ.പി. സ്‌കൂൾ, വായനശാല, പ്രൈമറി ഹെൽത്ത് സെന്റർ, കെ.എസ്.ഇ.ബി. ഓഫീസ്, കേരളബാങ്ക്, ഗ്രാമീൺബാങ്ക്, നാഗലശ്ശേരി സർവീസ് സഹകരണബാങ്ക്, നബാർഡ് ഓഫീസ് എന്നിവയെല്ലാം പെരിങ്ങോട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് നിരവധിപേർ പെരിങ്ങോട്ടെത്തുന്നുണ്ട്.

താഴത്തെ സെന്ററിൽനിന്ന് കിഴക്ക് ഭാഗത്തുള്ള മതുപ്പുള്ളി, കറുകപുത്തൂർ പ്രദേശത്തേക്ക് പോകേണ്ടവരുടെ സ്ഥിതിയും വിഭിന്നമല്ല. മതുപ്പുള്ളി, കറുകപുത്തൂർ ഭാഗത്തേക്ക് പോകുന്ന സ്ത്രീകളും കുട്ടികളും കടത്തിണ്ണയിൽ കയറിയിരുന്നും വയോജനങ്ങൾ കൂനിക്കൂടി റോഡരികിൽ വാഹനങ്ങൾക്കായി കാത്തുനിൽക്കേണ്ടിവരുന്നതും നിത്യ കാഴ്ചകളാണ്. കറുകപുത്തൂർഭാഗത്തുനിന്നും ചാലിശ്ശേരിഭാഗത്തുനിന്നും ഒരേസമയം കരിങ്കൽകയറ്റി വരുന്ന ലോറികളും ബസ്സുകളും കൂറ്റനാട് റോഡിലേക്കെത്തുമ്പോൾ എരുമപ്പറമ്പെന്ന ഈ ചെറിയ പട്ടണത്തിന് വലിയ പ്രയാസം സൃഷ്ടിക്കുന്നു.