കോങ്ങാട് : പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2020-21 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന കാൻസർ നിയന്ത്രണ പരിപാടിക്ക് തുടക്കമായി. കോങ്ങാട് സർക്കാർ ആശുപത്രിയിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. കോങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. അജിത് അധ്യക്ഷനായി.

കഞ്ചിക്കോട് കാൻസർ നിർണയ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫീൽഡ് തല സർവേ, കാൻസർ ബോധവത്‌കരണ ക്ലാസുകൾ, 12 സൗജന്യ രോഗനിർണയ ക്യാമ്പുകൾ എന്നിവ നടപ്പാക്കും. ചൊവ്വാഴ്ച കോങ്ങാട് ആശുപത്രിയിൽ സ്ത്രീകൾക്കുമാത്രമുള്ള സൗജന്യ കാൻസർ പരിശോധനാക്യാമ്പ് നടക്കും.

കരിമ്പ ക്രിക്കറ്റ്‌ പ്രീമിയർ ലീഗ് ലേലം

കല്ലടിക്കോട് : കരിമ്പ ക്രിക്കറ്റ്‌ അസോസിയേഷൻ ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ഏഴാമത് കരിമ്പ ക്രിക്കറ്റ്‌ പ്രീമിയർ ലീഗിൽ കളിക്കാർക്കുള്ള ലേലം ഞായറാഴ്ച 10 മണിക്ക് നടക്കും. ആഷസ് ഇലവൻ, ടൈറ്റാൻസ്, സുൽത്താൻ ഇലവൻ, റോയൽ സിറ്റി, ഫോക്കസ് സ്റ്റുഡിയോ ടസ്‌കേഴ്സ് എന്നീ അഞ്ചു ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. പഞ്ചായത്തിലെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 68 കളിക്കാരാണ് ലേലത്തിനുണ്ടാകുക. ഡിസംബർ അവസാനദിവസങ്ങളിൽ മത്സരങ്ങൾ നടക്കും.