ഗവാന് ഭക്തരാണ് ബലം എന്നപോലെ ആശ്രയിക്കുന്നവരാണ് ആശ്രയിക്കപ്പെടുന്നവർക്ക് ബലം എന്ന സന്ദേശമാണ് ശ്രീരാമനും സുഗ്രീവനും തമ്മിലുള്ള സൗഹൃദത്തിൽ കാണുന്നത്.

‘രാവണൻ തന്നെസ്സകുലംവധം ചെയ്തു

ദേവിയേയും കൊണ്ടുപോരുന്നതുണ്ടു ഞാൻ...’

എന്ന് ശ്രീരാമന് ആമുഖമായിത്തന്നെ ആത്മവിശ്വാസം നൽകുന്നുണ്ട്. ശ്രീരാമജശക്തിയിൽ സംശയിക്കുന്ന, ബാലിയുമായുള്ള യുദ്ധത്തിൽ ക്ഷീണിച്ചപ്പോൾ ശ്രീരാമനെ വിമർശിക്കുന്ന, രാജാധികാരത്തെത്തുടർന്ന് സീതാന്വേഷണത്തിൽ ലേശം അലസനാകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രാമശാസന പാലിച്ച് ലക്ഷ്മണനെപ്പോലെ സേവിച്ചുനിൽക്കുന്ന സുഗ്രീവനെ രാമായണത്തിൽ കാണാം. സൈന്യത്തെ നാലുദിക്കിലേക്കും വിന്യസിച്ച് മുപ്പതുനാളിനകത്ത് ഫലം കണ്ടുവന്നില്ലെങ്കിൽ മരണശിക്ഷ വിധിക്കുന്ന സുഗ്രീവാജ്ഞയിൽ ആ രാജത്വവും പ്രായോഗികതയും കാർക്കശ്യവും വ്യക്തമാവുന്നു.

‘സംഖ്യയില്ലാതോളമുണ്ടു കപിബലം’ എന്നായിരുന്നു സുഗ്രീവന്റെ ആത്മവിശ്വാസം. രണ്ടു ശൈലങ്ങൾ തമ്മിൽ, രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുതുന്നതുപോലെയായിരുന്നു ബാലി-സുഗ്രീവയുദ്ധം എന്നതിൽനിന്ന് സുഗ്രീവന്റെ ശരീരക്ഷമത തിരിച്ചറിയാം. ദേവാംശമുള്ള സൈന്യത്തിന്റെ ബലവീര്യവേഗങ്ങൾ ശ്രീരാമനോട് വിവരിച്ച് സുനിശ്ചിതവിജയം ഉറപ്പാണെന്ന് സുഗ്രീവൻ ശ്രീരാമനെ സമാധാനിപ്പിക്കുന്നുണ്ട്. രാമസങ്കീർത്തനത്തിലൂടെ പരമഭക്തനായും സുഗ്രീവൻ തെളിഞ്ഞുനിൽക്കുന്നുണ്ട്. സുഗ്രീവനും ഹനുമാനും ജാംബവാനും അംഗദനുമാണ് ശാഖാമൃഗസൈന്യത്തിന്റെ വിജയശില്പികൾ. യുദ്ധതന്ത്രജ്ഞനായ സുഗ്രീവന്റെ സൈനികവിന്യാസം രാവണസൈന്യത്തെ അമ്പരപ്പിക്കുന്നുണ്ട്. യുദ്ധം ജയിച്ച് അയോധ്യയിലെത്തിയ ശ്രീരാമനൊപ്പമുള്ള സുഗ്രീവനെ ആലിംഗനം ചെയ്ത്

‘നാലു സുതന്മാർ ദശരഥഭൂപനി-

ക്കാലമഞ്ചാമനായിച്ചമഞ്ഞൂഭവാൻ...’

എന്ന്‌ ഭരതൻ സഹോദരഭാവത്തിൽ നടത്തുന്ന സ്നേഹനിമിഷമാണ് സുഗ്രീവന്റെ ജീവിതത്തിലെ ഉജ്ജ്വലമുഹൂർത്തം.വര: ബി.എസ്‌. പ്രദീപ്‌കുമാർ