പാലക്കാട് : മഞ്ഞക്കുളം ഭാഗത്ത് റോഡരികിൽ മാലിന്യം കുന്നുകൂടുന്നു. നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യം വേർതിരിച്ച് കെട്ടുകളാക്കി സൂക്ഷിച്ച ഭാഗത്തോടുചേർന്നാണ് മാലിന്യം തള്ളുന്നത്.

പ്ലാസ്റ്റിക് സഞ്ചികളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നുണ്ട്. മഞ്ഞക്കുളം ഭാഗത്തുനിന്ന്‌ വലിയങ്ങാടി ഭാഗത്തേക്ക് പോകുന്ന വഴിയിലാണ് മാലിന്യം തള്ളുന്നത്.

നഗരസഭ വേർതിരിച്ചു വച്ച മാലിന്യം നിശ്ചിത ഇടവേളകളിൽ മാറ്റുന്നുണ്ട്. ഇതു കണക്കിലെടുത്ത് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുകയാണെന്നാണ് സമീപവാസികളുടെ പരാതി.

പലപ്പോഴും ഇവിടെ തെരുവുനായകളുടെ ശല്യവും ഉണ്ടാകാറുണ്ട്. പ്ലാസ്റ്റിക് മാലിന്യം റോഡിലെത്തുമ്പോൾ‍ ഇവ ഇരുചക്രവാഹനങ്ങളുടെ ടയറിൽ കുരുങ്ങി അപകടമുണ്ടാകുമോ എന്ന ഭീതിയുമുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ മാലിന്യം വേർതിരിച്ച് മാറ്റാനുള്ള സ്ഥലമായി പ്രവർത്തിക്കുകയാണ് മഞ്ഞക്കുളത്തെന്നും ഇവിടെനിന്ന്‌ മാലിന്യം കൃത്യമായി മാറ്റാറുണ്ടെന്നും നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.