മണ്ഡലത്തിൽ മുൻഗണന നൽകുന്ന വിഷയം?

മുൻ എം.എൽ.എ. കെ.വി. വിജയദാസ് തുടങ്ങിെവച്ച നിരവധി പദ്ധതികൾ പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുന്നു. കാഞ്ഞിരപ്പുഴ അണയിലെ വെള്ളം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നതിന് 27കോടി രൂപയുടെ പദ്ധതിയുണ്ട്. അത്‌ പൂർത്തിയാക്കണം. ഞാവളിൻകടവ് കുടിവെള്ളപദ്ധതി, പറളി-മങ്കര പഞ്ചായത്തുകളിലെ കുടിവെള്ളപദ്ധതി, ഓടനൂർ പാലം പദ്ധതി എന്നിവയും പൂർത്തിയാക്കണം.

കാർഷികമേഖലയിലെ പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടും?

നെല്ലിനേക്കാൾ നാണ്യവിളകളും തോട്ടവിളകളുമാണ് മേഖലയിൽ കൂടുതൽ. കർഷകരും മറ്റുമായുള്ള ചർച്ചയിലൂടെ പദ്ധതികൾ രൂപപ്പെടുത്തും. വന്യമൃഗശല്യം കുറയ്ക്കാനും വിവിധപദ്ധതികൾ രൂപവത്കരിക്കും.

മാലിന്യസംസ്കരണം, കുടിവെള്ളം, പരിസ്ഥിതി പ്രശ്നങ്ങൾ?

പഞ്ചായത്തുകളിൽ സർക്കാരിന്റെ മാലിന്യസംസ്കരണ പദ്ധതികൾ ഏറ്റെടുത്ത്‌ നടപ്പാക്കുന്നുണ്ട്. കേന്ദ്രീകൃത സംസ്കരണ സംവിധാനം നടപ്പാക്കാനാവുമെങ്കിൽ അത് ചെയ്യും.

അടുത്ത അഞ്ചുവർഷത്തേക്കുള്ള സ്വപ്നപദ്ധതി?

വനിതകൾക്കായി ഒരു അപ്പാരൽപാർക്ക് നിർമിക്കണമെന്നുണ്ട്. വനിതകൾക്ക് പരിശീലനംനൽകി ഒരു േകന്ദ്രത്തിൽ അവരെ കൊണ്ടുവന്ന് തൊഴിൽനൽകുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കഞ്ചിക്കോട്ട് ഇത്തരമൊരു സംരംഭം തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടൽഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽനിന്ന്‌ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. മിനി സിവിൽസ്റ്റേഷൻ പദ്ധതിയും നടപ്പാക്കണം.

യുവാക്കൾക്കും തൊഴിൽരഹിതർക്കുമായി?

വനിതകൾക്കെന്നതുപോലെതന്നെ യുവാക്കളെ കേന്ദ്രീകരിച്ചും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിയുണ്ട്. കൂടിയാലോചന നടത്തി പദ്ധതികൾ കൊണ്ടുവരും.