സ്വന്തം ലേഖകൻ

പാലക്കാട്

: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കരുത്തായി യുവവോട്ടർമാരും വനിതാവോട്ടർമാരും. 2016 നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി എൽ.ഡി.എഫിന്റെ വോട്ട് വിഹിതം കുത്തനെ ഉയർന്നു. 86,302 വോട്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എൽ.ഡി.എഫ്. ജില്ലയിൽ നിന്ന് അധികമായി സമ്പാദിച്ചത്. ആകെയുള്ള 12 സീറ്റിൽ ഒമ്പത് എണ്ണം കരസ്ഥമാക്കിയ എൽ.ഡി.എഫിന് 2016-ൽ ജില്ലയിൽ ലഭിച്ചത് 7,60,520 വോട്ടാണ്. ഇത്തവണ ലഭിച്ചതാവട്ടെ 8,46,822 വോട്ടും.

2016 നിയമസഭാതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോൾ ചെയ്ത വോട്ടുകളുടെ എണ്ണം ഇത്തവണ വർധിച്ചിട്ടുണ്ട്. 68,198 വോട്ടർമാരാണ് ഇക്കുറി 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതലായി വോട്ട് രേഖപ്പെടുത്തിയത്.

യുവവോട്ടർമാർക്കിടയിലുംശക്തമായ സ്വാധീനമായത് എൽ.ഡി.എഫ്. തന്നെയാണെന്ന് ഫലം തെളിയിക്കുന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി പരാജയപ്പെട്ട മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിലും 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കൂടി. 2016-ൽ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്വന്തമാക്കിയത്. 60,838 വോട്ടായിരുന്നു. എന്നാൽ ഇക്കുറി ഇത് 65,787 വോട്ടായി ഉയർത്തി. 4,949 വോട്ടാണ് മണ്ഡലത്തിൽ അധികമായി നേടിയത്.

എൽ.ഡി.എഫിന് 80,000ത്തിലധികം വോട്ട് ലഭിച്ച രണ്ട് മണ്ഡലങ്ങളും ജില്ലയിലുണ്ട്. ചിറ്റൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ. കൃഷ്ണൻകുട്ടി 84,672 വോട്ട് നേടിയപ്പോൾ നെന്മാറയിൽ കെ. ബാബു നേടിയത് 80,145 വോട്ടാണ്. എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് എറ്റവും കുറവ് വോട്ട് ലഭിച്ചത് പാലക്കാട് മണ്ഡലത്തിലാണ്. 35,622 വോട്ടാണ് സ്ഥാനാർഥി സി.പി. പ്രമോദിന് ലഭിച്ചത്. എൽ.ഡി.എഫ്. ഇവിടെ മൂന്നാംസ്ഥാനത്താണ്. ഈ മണ്ഡലത്തിൽ എൽ.ഡി.എഫിന് 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3,053 വോട്ടാണ് കുറഞ്ഞത്.

വി.എസ്. അച്യുതാനന്ദനെ തുടർന്ന് മലമ്പുഴയിലെത്തിയ എ. പ്രഭാകരൻ 2016-ൽ വി.എസ്. നേടിയതിനെക്കാൾ വോട്ട് നേടി. 2016-ലെ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ വി.എസിന് ലഭിച്ചത് 73,299 വോട്ടായിരുന്നു. ഇക്കുറി എ. പ്രഭാകരൻ മണ്ഡലത്തിലെ വോട്ട് വിഹിതം 75,934 ആക്കി ഉയർത്തി. 2,635 വോട്ട്‌ അധികം.

യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ്. ഇക്കുറി പിടിച്ചെടുത്ത തൃത്താല മണ്ഡലത്തിൽ എൽ.ഡി.എഫ്. മുൻ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 14,066 വോട്ട് അധികം നേടി. 2016-ലെ 55,748 വോട്ട് ഇക്കുറി 69,814 വോട്ടായാണ് ഉയർത്തിയത്.

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചതിന് നൽകിയ സ്നേഹം

കോവിഡ് അടക്കമുള്ള വൻ പ്രതിസന്ധികളിൽ പതറാതെ ജനങ്ങളെ ചേർത്തുപിടിച്ച് നിന്ന മുഖ്യമന്ത്രിയിലും സർക്കാരിലും ജനങ്ങൾ അർപ്പിച്ച സ്നേഹമാണ് തിരഞ്ഞെടുപ്പ് ഫലം. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ഇതേ ഉത്തരവാദിത്വത്തോടെ ഇനിയും ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്ന സന്ദേശവും ഈ അംഗീകാരത്തിൽ അടങ്ങിയിട്ടുണ്ട്.

-സി.കെ. രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി, സി.പി.എം.