മണ്ഡലത്തിൽ മുൻഗണന നൽകുന്ന വിഷയം? മുൻഗണനാപ്പട്ടികയിൽ ഒന്നാമത് എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുകയെന്നതാണ്. പ്രചാരണസമയത്ത് തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനായി സമ്പൂർണ കുടിവെള്ളപദ്ധതി കൊണ്ടുവരും.

കാർഷികമേഖലയിലെ പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടും? കാർഷികമേഖലയിൽ വലിയ സാധ്യതകളുള്ള മണ്ഡലമാണ് തൃത്താല. പ്രത്യേകിച്ച് പട്ടിത്തറ പഞ്ചായത്തിലെ കായൽപ്രദേശങ്ങൾ. ഒരു വിളയിൽനിന്ന്‌ ഇരുവിള കൃഷി ചെയ്യുന്നതിനായി കാർഷികമേഖലക്കായി സമഗ്രപദ്ധതി തയ്യാറാക്കും.

മാലിന്യസംസ്കരണം, കുടിവെള്ളം, പരിസ്ഥിതിപ്രശ്നങ്ങൾ? വികേന്ദ്രീകൃതമായ മാലിന്യസംസ്കരണപദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് ആലോചിക്കും. വിദഗ്‌ധരുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഭാരതപ്പുഴയെ വീണ്ടെടുക്കാനുള്ള ജനകീയയജ്ഞത്തിന് രൂപം നൽകും. മറ്റ് മണ്ഡലങ്ങളിലെ ജനപ്രതിനിധികളെക്കൂടി സഹകരിപ്പിച്ച് സർക്കാരിന്റെ സഹായത്തോടെയുള്ള പദ്ധതിക്ക് തുടക്കമിടും.

സ്വപ്നപദ്ധതി?. തൃത്താലയിൽ സമഗ്രമായ ഇക്കോ ടൂറിസമാണ് സ്വപ്നപദ്ധതി. തൃത്താലയിൽ ഇതിന് വലിയ സാധ്യതകളുണ്ട്.

യുവാക്കൾക്കും തൊഴിൽരഹിതർക്കുമായി? യുവാക്കൾക്ക് നൈപുണ്യവികസനത്തിനായി സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും. യുവാക്കൾക്ക് കായിക, സാംസ്കാരിക മേഖലകളിലെ വികസനത്തിനായി കൂടുതൽ പ്രോത്സാഹനം നൽകും. തൃത്താലയിൽ ഓപ്പൺ ജിംനേഷ്യം നടപ്പാക്കാനുള്ള നടപടികളുമുണ്ടാകും. ഒപ്പം, പ്രായം ചെന്നവർക്ക് നടക്കാനുള്ള പാതകളും ഒരുക്കും.