കോവാക്‌സിനായി രണ്ട് കേന്ദ്രങ്ങൾ

കോവിഷീൽഡ് രണ്ടാം ഡോസുകാർക്ക് മാത്രം

പാലക്കാട് : ചൊവ്വാഴ്‌ച ജില്ലയിലെ 25 കേന്ദ്രങ്ങളിൽ കോവിഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കും. ശനിയാഴ്ച വൈകീട്ടോടെ ജില്ലയിലേക്ക് 10,000 ഡോസ് കോവിഷീൽഡ് വാക്‌സിൻ എത്തിയതിന്റെ ഭാഗമായാണിത്. വാക്സിൻ കുറവായതിനാലാണ് കോവിഷീൽഡ് കുത്തിവെപ്പ് കേന്ദ്രങ്ങൾ 25 ആയി ചുരുക്കിയത്. കുത്തിവെപ്പ് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കുന്നതിനായി ആശാവർക്കർമാർ മുഖേന നേരത്തെ തന്നെ കുത്തിവെപ്പെടുക്കുന്നവർക്കായുള്ള ടോക്കൺ വിതരണം പൂർത്തിയാക്കിയതായും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ചൊവ്വാഴ്‌ച ഒറ്റപ്പാലം താലൂക്ക് ആശുപത്രി, ചിറ്റൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ കോവാക്സിൻ ഒന്ന്, രണ്ട് ഡോസ് കുത്തിവെപ്പും നടക്കും. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്കുള്ള ടോക്കൺ വിതരണം പൂർത്തിയായതായും ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ടോക്കൺ ബാക്കിയുള്ളതായും ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.