അഗളി : അട്ടപ്പാടിയിലെ ഒരു ആദിവാസി ഊരിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ 25 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഗളി പഞ്ചായത്തിലെ വടകോട്ടത്തറ ഊരിലാണ് 25 പേർക്ക് കോവിഡ്. ഇതിൽ അഞ്ച് വയസ്സിന് താഴെ അഞ്ച് കുട്ടികൾക്കും ഒരു ഗർഭിണിക്കും ഒരു വയോധികനും രോഗം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച വടകോട്ടത്തറ ഊരിൽനിന്ന് രണ്ടുപേർ പനി ബാധിച്ച്‌ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇവർക്ക് ആന്റിജൻ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഊരിൽ പനിയുമായി കൂടുതൽ ആളുകളുണ്ടെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഊരിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുകയായിരുന്നു.

ഊരിലെ 49 പേർക്ക് ആന്റിജൻ പരിശോധന നടത്തിയപ്പോൾ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഗളി ഊരിലും 73 പേർക്ക് ആന്റിജൻ പരിശോധന നടത്തി ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ആദിവാസികളില്ല. അട്ടപ്പാടിയിൽ തിങ്കളാഴ്ച 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കൺട്രോൾ സെൽ കോ-ഓർഡിനേറ്റർ ഡോ. കെ.പി. അരുണിന്റെ നേതൃത്വത്തിലാണ് ഊരുകളിൽ ആന്റിജൻ പരിശോധന നടത്തിയത്. ഇതോടുകൂടി അട്ടപ്പാടിയിൽ 231 പേർ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.