ചെന്നൈ : തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണൻ രാജിവെച്ചു. സ്വകാര്യ പരിശീലനത്തിലേക്ക് മടങ്ങേണ്ടതിനാലാണ് രാജിയെന്ന് മലയാളികൂടിയായ വിജയ് നാരായണൻ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത കത്തിൽ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്നാണ് സൂചന. 'തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ എന്ന നിലയിലുള്ള കാലാവധി പൂർത്തിയാക്കി സ്വകാര്യ പരിശീലനത്തിലേക്ക് മടങ്ങേണ്ട സമയമായി. വ്യക്തിപരമായ കാരണത്താലാണ് രാജി. ഈ പദവി ഏൽപ്പിച്ചതിന് സർക്കാരിന് നന്ദി. സംസ്ഥാന രാഷ്ട്രീയചരിത്രത്തിലെ പ്രക്ഷുബ്ധമായ സമയത്താണ് ചുമതലയേറ്റതെങ്കിലും ഭരണത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ചു. മുഖ്യമന്ത്രിയും നിയമമന്ത്രിയും എല്ലാവിധ പിന്തുണയും നൽകി.

സർക്കാർ ഉദ്യോഗസ്ഥരും സഹകരിച്ചു. അതിനാൽ ഉത്തരവാദിത്വങ്ങൾ കൂടുതൽ കാര്യക്ഷമതയോടെ നിർവഹിക്കാനായി'. -അദ്ദേഹം കൂട്ടിച്ചേർത്തു. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ സഹോദരന്റെ മകനും പ്രശസ്ത നിയമജ്ഞനായിരുന്ന ബാരിസ്റ്റർ എം.കെ. നമ്പ്യാരുടെ കൊച്ചുമകനുമാണ്. നയതന്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന സർദാർ കെ.എം. പണിക്കരുടെ മകളുടെ മകൻകൂടിയാണ്.

2004 മുതൽ മദ്രാസ് ഹൈക്കോടതി സീനിയർ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ് വിജയ് നാരായണൻ. ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ ചാപ്റ്റർ നിർവാഹകസമിതി അംഗം, തമിഴ്‌നാട് നാഷണൽ ലോ സ്കൂൾ ജനറൽകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.