പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ മുഖ്യ എതിരാളിയായിരുന്ന യു.ഡി.എഫിനേക്കാൾ 2,37,429 വോട്ട് അധികം നേടിയാണ് ജില്ലയിൽ എൽ.ഡി.എഫ്. മണ്ഡലങ്ങളെ ചുവപ്പണിയിച്ചത്. 12 സീറ്റിൽ 10-ഉം നേടിയ എൽ.ഡി.എഫ്. പാലക്കാട് മണ്ഡലത്തിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് മാത്രമാണ് അല്പമെങ്കിലും ശോഭ കെടുത്തിയത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ മേൽക്കൈ നേടിയിരുന്ന മണ്ണാർക്കാട് മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കാനുള്ള ശ്രമം ഫലിച്ചില്ലെങ്കിലും കരുത്തുറ്റ പോരാട്ടം നടത്തി ഇവിടെ രണ്ടാംസ്ഥാനം ഉറപ്പിച്ചു. തൃത്താല മണ്ഡലം യു.ഡി.എഫിൽനിന്ന് തിരിച്ചുപിടിക്കാനുമായി.

ജില്ലയിൽ 12 മണ്ഡലങ്ങളിൽനിന്ന് ഇക്കുറി എൽ.ഡി.എഫ്. സ്ഥാനാർഥികൾ സ്വന്തമാക്കിയത് 8,46,822 വോട്ടാണ്. യു.ഡി.എഫിന് 6,09,393 വോട്ടും ലഭിച്ചു. എൻ.ഡി.എ.യ്ക്ക് 2,95,853 വോട്ടും ലഭിച്ചു.

എൽ.ഡി.എഫിന് എൻ.ഡി.എ.യെക്കാൾ അധികം ലഭിച്ചത് 5,50,969 വോട്ടാണ്. അതേസമയം യു.ഡി.എഫിന് എൻ.ഡി.എ. സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിനേക്കാൾ 3,13,540 വോട്ടുകളാണ് കൂടുതൽ ലഭിച്ചത്.

രണ്ടാംസ്ഥാനത്തെത്തിയ മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിൽനിന്ന് മാത്രം ബി.ജെ.പി. സ്ഥാനാർഥികൾ ഒരുലക്ഷത്തിലധികം വോട്ട് നേടി. 50,220 വോട്ടുനേടി പാലക്കാട്ടെ സ്ഥാനാർഥി ഇ. ശ്രീധരൻ എൻ.ഡി.എ. സ്ഥാനാർഥികളിൽ മുന്നിലായി. മലമ്പുഴയിലെ എൻ.ഡി.എ. സ്ഥാനാർഥി സി. കൃഷ്ണകുമാർ 50,200 വോട്ട് നേടി. മറ്റൊരു കരുത്തുറ്റപോരാട്ടം നടന്ന ഷൊർണൂരിൽ യു.ഡി.എഫിനുമുന്നിൽ എൻ.ഡി.എ.യ്ക്ക്‌ രണ്ടാംസ്ഥാനം നഷ്ടപ്പെട്ടത് 753 വോട്ടുകൾക്കാണ്.