കൂനൂർ : കൂനൂരിലെ അഴക്കരയ്ക്കടുത്ത് എമകുണ്ട് എന്ന ഗ്രാമത്തിൽ കരിമ്പുലിയിറങ്ങിയത് നിവാസികളെ ഭീതിയി ലാക്കിയിരിക്കയാണ്.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഗ്രാമത്തിലെ വളർത്ത്‌ ആടുകളും കോഴികളും രാത്രിസമയത്ത് കാണാതെപോകുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം ഇവിടെയുള്ള ഒരുവീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി.യിലാണ് കരിമ്പുലി ഗ്രാമത്തിലിറങ്ങുന്ന ദൃശ്യം പതിഞ്ഞത്. ഒരു വീട്ടിലെ വളർത്തുനായയെ പിടികൂടി ഓടിമറയുന്നതും പതിഞ്ഞു.

തേയിലത്തോട്ടവും വനവും ചുറ്റുമുള്ള പ്രദേശമാണ് എമകുണ്ട് ഗ്രാമം. രാത്രിസമയത്ത് പുലി കാടിറങ്ങിവന്ന്‌ വളർത്തുമൃഗങ്ങളെ പിടികൂടുകയായിരുന്നെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ പിടികൂടാൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ച്‌ വരികയാണ്.